കാട്ടാക്കട പഞ്ചായത്തിന്റെ ഹൃദയ ധമനി പോലെ ഒഴുകേണ്ട ഒരു പ്രധാന തോടാണ് കുളത്തുമ്മൽ തോട്. ഒരു കാലത്ത് കാട്ടാക്കട പഞ്ചായത്തിലെ കാർഷിക സമൃദ്ധിക്ക് ജീവനേകിയിരുന്ന 11 കി.മി നീളമുള്ള ഈ തോട് ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട നിലയിലാണ്. സ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങൾക്ക് പുറമേ നഗരത്തിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങൾ വരെ ഈ തോടിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കുക, അതു വഴി കാർഷിക മേഖലയ്ക്ക് പുനർജീവനേകുക. അതിനായി ഒരു ബൃഹദ് യജ്ഞത്തിന് തുടക്കമാകുന്നു. തോട്ടിലെ മാലിന്യ നിർമ്മാർജ്ജനത്തിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി ജനകീയ കൂട്ടായ്മയ്ക്ക് രൂപം കുറിക്കുന്നു. കുളത്തുമ്മൽ തോടിനെ സംരക്ഷിച്ച് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ 1 കോടിയോളം രൂപ ചിലവഴിച്ച് സമഗ്രമായ നീർത്തടാധിഷ്ടിത വികസനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിനായി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ ക്ലബ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു യോഗം ഇന്ന് കാട്ടാക്കട പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്നു. ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ.നിസാമുദ്ദീൻ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റോയ് മാത്യു, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ് ശരത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ആദ്യ ഘട്ടമായി തോടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും അതൊടൊപ്പം തോടിലേക്കുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാലിന്യ നിക്ഷേപം തടയാനും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളൊരുക്കാനുമുള്ള തീരുമാനം കൈക്കൊണ്ടു. അതിനായി ജനകീയ കൂട്ടായ്മയോടെയുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് കുളത്തുമ്മൽ തോടിനെ ജലസമൃദ്ധമാക്കുവാനുള്ള മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്ക്. നമ്മുടെ നാടിനെ ജലസമൃദ്ധമാക്കുവാൻ, കാർഷിക സ്വയംപര്യാപ്തത വീണ്ടെടുക്കാനുള്ള ഈ പ്രവർത്തനത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.