മാറനല്ലൂര്‍ കുക്കിരിപ്പാറയില്‍ ജൈവവൈവിധ്യ പാര്‍ക്കിനായുള്ള വിഭവ സര്‍വ്വേ ആരംഭിച്ചു.

DSC_0078

Image 1 of 6

കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുക്കിരിപ്പാറയില്‍ വൃക്ഷ – ആയുര്‍വേദ മാതൃകയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ ജൈവ വൈവിദ്യ ശേഖരങ്ങളുടെ വിഭവ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ ആരംഭിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി, സൂവോളജി അദ്ധ്യാപക – വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജൈവ വിഭവങ്ങളുടെ ഇന്ഡക്സ് റജിസ്റ്റര്‍ തയ്യാറാക്കുന്നതിനായാണ് സര്‍വ്വേ നടത്തുന്നത്. വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചക്കാലം ഇവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ ജീവജാലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന്  സസ്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍  ഒരു മാസത്തിനുള്ളില്‍ സമഗ്രമായ പഠനം നടത്തി ഹെര്‍ബേറിയം തയാറാക്കും. തുടര്‍ന്ന് ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം വൃത്തിയാക്കി ഇവിടത്തെ ജൈവ വൈവിദ്യ വിഭവങ്ങളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പ്രസ്തുത ജൈവ വൈവിധ്യ പാര്‍ക്കിനായുള്ള സര്‍വ്വേയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ടി.ബി.ജി.ആര്‍.ഐയും ജൈവ വൈവിധ്യ ബോര്‍ഡുമാണ് ലഭ്യമാക്കുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ തയ്യാറാക്കി നൽകിയ പ്ലാന്‍ അനുസരിച്ച് ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക – സാമ്പത്തിക സഹായത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. സസ്യോദ്യാനം, ശലഭോദ്യാനം, ഔഷധസസ്യ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, വിശ്രമം കേന്ദ്രം, റോക്ക് ഗാർഡൻ, മാംഗോ പാർക്ക്, ബാംബൂ പാർക്ക്‌, ക്യാക്റ്റസ് പാർക്ക് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രസ്തുത പാര്‍ക്ക് ഇവിടെ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള കര്‍മ്മപദ്ധതികളില്‍ ഒന്നാണ് ഇന്ന് ആരംഭിച്ചത്. ഇടംപിരി – വലംപിരി എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ്വ സസ്യത്തിന്റെ വിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി കൊണ്ട് ഐ.ബി.സതീഷ്‌ എം.എല്‍.എ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.രമ അധ്യക്ഷയായി. ഭൂവിനിയോഗ കമ്മിഷണര്‍ എ.നിസാമുദീന്‍,  ജൈവ വൈവിധ്യ ബോര്‍ഡ്‌ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.അഖില, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി വിഭാഗം തലവന്‍ ഡോ.പോള്‍രാജ് എന്നിവര്‍ പങ്കെടുത്തു. തിരിച്ചറിയപ്പെടാതെ നശിച്ചു പോകുന്ന നിരവധി അപൂര്‍വ്വ ഇനത്തിലുള്ള സസ്യങ്ങളും ജീവജാലങ്ങളും ഉള്ള ഈ പ്രദേശത്തെ നിലവിലുള്ള ജൈവ സമ്പത്ത് കണ്ടെത്തി തരംതിരിച്ച് റജിസ്റ്റര്‍ ഉണ്ടാക്കി അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു സര്‍വ്വേ നടത്തുന്നതെന്ന് ഐ.ബി.സതീഷ്‌ എം.എല്‍.എ അറിയിച്ചു.