മലയിന്‍കീഴ് നരസിംഹപുരം ചെറുകിട കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം നടന്നു.

IMG_20181201_092401

Image 1 of 5

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിന്‍കീഴ് പഞ്ചായത്ത് അന്തിയൂര്‍ക്കോണം വാര്‍ഡില്‍ നരസിംഹപുരത്ത് നടപ്പിലാക്കുന്ന ചെറുകിട കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം എം.എല്‍.എ ശ്രീ. ഐ. ബി. സതീഷ് നിര്‍വഹിച്ചു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ നരസിംഹപുരത്തെ വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാന ഭൂജലവകുപ്പിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലസമൃദ്ധി പദ്ധതിയുടെ ജലവിഭവ പരിപാലന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂജലവകുപ്പ് നടത്തിയ ശാസ്ത്രീയ പഠനത്തെ തുടര്‍ന്നാണ് ചെറുകിട കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായത്. കുടിവെള്ള ക്ഷാമം രൂക്ഷമായ നിയോജക മണ്ഡല്ത്തിലെ 17 സ്ഥലങ്ങളിലാണ് ഭൂജല വകുപ്പിന്‍റെ നേതൃത്വത്തില്‍ പഠനം നടത്തിയത്. നരസിംഹപുരം കൂടാതെ തേരിവിള (മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്) കിളിക്കോട്ടുകോണം (മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്) തിനവിള, കരിമ്പാണ്ടി (വിളപ്പില്‍ ഗ്രാമപഞ്ചായത്ത്), പേയാട് കുന്നിന്‍മുകള്‍ (വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത്), തച്ചങ്കോട് (പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്) എന്നീ ഏഴ് സ്ഥലങ്ങളില്‍ കൂടി ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ശാസ്ത്രീയ പഠനം പൂര്‍ത്തിയാകുന്ന മുറക്ക് മണ്ഡലത്തിലെ കുടിവെള്ളം രൂക്ഷമായ 10 പ്രശേങ്ങളില്‍ കൂടി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നരസിംഹപുരത്ത് നടന്ന യോഗത്തില്‍ ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസാമുദീന്‍, ഭൂജലവകുപ്പ് അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് സി.അരുണ്‍ചന്ദ്, വാര്‍ഡ് മെമ്പര്‍ സി. വൈ.ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.