മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍ ജലസമൃദ്ധി കലാജാഥ ആദ്യാവതരണം

IMG_20180504_170840_01

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന ജനകീയ ജലസംരക്ഷണ പരിപാടിയായ “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി” പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളിലായി 30 കേന്ദ്രങ്ങളില്‍ “മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍” എന്ന പേരില്‍ ഒരു കലാജാഥ പര്യടനം നടത്തുകയാണ്. കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ യഥേഷ്ടം ലഭ്യമാകുന്ന മഴവെള്ളം പാഴാക്കി കളയുന്നു എന്നത് വിരോധാഭാസമാണ്. നമ്മുടെ പൂര്‍വ്വികര്‍ നിരവധി നിഷ്ഠകളോടെ സംരക്ഷിച്ച് നമുക്ക് കൈമാറിയ ജലസമൃദ്ധമായ കാടും പുഴകളും പൂക്കളും പൂമ്പാറ്റകളുമായി പുഷ്പിണിയായ ഭൂമിയെ വരുംതലമുറക്കായി കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ബോധം ജനമനസ്സുകളില്‍ എത്തിക്കുന്നതിനാണ് ഈ കലാജാഥ ഒരുക്കിയിരിക്കുന്നത്. 35 മിനിട്ട് ദൈര്‍ഘ്യമുള്ള പാട്ടും നൃത്തവും ചിന്തോദീപമായ രംഗങ്ങളും കോര്‍ത്തിണക്കി ജനങ്ങളുടെ മനസ്സില്‍, നഷ്ടപ്പെട്ട കേരളത്തിന്‍റെ പ്രകൃതിയേയും അതിന് നാം നല്‍കേണ്ടി വന്ന വിലയും ഇനിയുള്ളതെങ്കിലും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുമാണ് തെരുവു നാടകം ചര്‍ച്ച ചെയ്യുന്നത്. ഭൂമി അമ്മയാണെന്നും ആ അമ്മ ആരോഗ്യത്തോടെ ജീവിച്ചാല്‍ മാത്രമെ മക്കള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന സന്ദേശം പകരുന്നു ഈ തെരുവു നാടകം. സി.വി.ഉണ്ണികൃഷ്ണന്‍ രചന നിര്‍വ്വഹിച്ച ഈ തെരുവു നാടകത്തിന്‍റെ സംവിധാനം നേമം ജോയിന്‍റ് ബി.ഡി.ഒ കൂടിയായ ഡി.സുരേഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം പുനലൂര്‍ തങ്കച്ചന്‍. വിവിധ കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത കലാകാരډാരാണ് ഇതില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന റിഹേഴ്സല്‍ ക്യാമ്പിലൂടെയാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉറവകള്‍ വറ്റാത്ത നാടൊരുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മന്ത്രങ്ങളില്ലാത്ത മനസ്സുണര്‍ത്തുന്നവരുടെ പ്രയാണം. ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ, ജലമിത്രങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. “മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍” എന്ന ജലസമൃദ്ധി കലാജാഥയുടെ ആദ്യാവതരണം 2018 മെയ് 4 വെള്ളിയാഴ്ച 4 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനില്‍ വച്ച് ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ നടന്നു. തുടര്‍ന്ന് കലാജാഥ 2018 മെയ് 7 മുതല്‍ 12 വരെയുള്ള 6 ദിവസങ്ങളില്‍ ഒരു ദിവസം ഒരു പഞ്ചായത്തിലെ 5 കേന്ദ്രങ്ങളില്‍ എന്നാ നിലയ്ക്ക് കാട്ടാക്കട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും എത്തിച്ചേരുന്നതാണ്.