പ്രാദേശിക കാലാവസ്ഥ നിരീക്ഷണ സംവിധാനമൊരുക്കി കാട്ടാക്കട ജലസമൃദ്ധി.

IMG-20210222-WA0050

Image 5 of 5

സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ നിയോജകമണ്ഡലതല ഉൽഘാടനം മാറനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. സുരേഷ്‌കുമാർ, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ‌ പ്രോഗ്രാം ഹെഡ് ശ്രീനിവാസ്. ആർ, സ്കൂൾ പ്രിൻസിപ്പൽ ടി. എസ്. മഹേഷ്കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ്. ഹരികുമാർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് മണ്ഡലത്തിലെ ആറ് ഹയർസെക്കണ്ടറി സ്കൂളുകളിൽ ഈ സംവിധാനം സ്ഥാപിച്ചത്. പൊതുജന സേവന രംഗത്തെ നവീന ആശയആവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിനൊപ്പം ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. താപനില, മഴ, കാറ്റിന്റെ ദിശ, വേഗത, ഈർപ്പം, മർദ്ദം എന്നിവയുടെ വിവരങ്ങൾ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളിലൂടെ ലഭിക്കുന്നതാണ്. താപനില, ഈർപ്പം, മർദ്ദം എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവൽക്കരണത്തിനുമുള്ള ഒരു ക്ലൗഡ്/വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റേഷൻ മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ചു. തുടർന്ന് മറ്റ് സ്കൂളുകളിൽ സ്റ്റേഷനുകൾ സജ്ജമാക്കി ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിട്ടുണ്ട്. ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയ്യാറായിട്ടുണ്ട്. ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഉപഭോക്താക്കൾക്ക് സാധ്യമാകുന്നതാണ്. www.kslub.icfoss.org എന്ന വെബ്സൈറ്റിലൂടെ ഓരോ 15 മിനിറ്റ് ഇടവേളകളിൽ പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുമെന്ന് ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീൻ അറിയിച്ചു. ഈ സംവിധാനം കൂടി നിലവിൽ വന്നതോടെ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ലഭിക്കുന്ന മഴയുടെ അളവ്, കുളങ്ങളിൽ സ്ഥാപിച്ച സ്കെയിലുകളിലൂടെ ലഭിക്കുന്ന ജലലഭ്യത എന്നിവ പ്രാദേശികമായി മനസ്സിലാക്കാനാകുമെന്നും കൃത്യമായ ജലലഭ്യത, ജലഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ചെറു നീർത്തടത്തിലും ശാസ്ത്രീയ ജലബഡ്ജറ്റിംഗ് നടത്താന്‍ കഴിയുമെന്ന് ഐ.ബി.സതീഷ്‌ എം.എല്‍.എ അറിയിച്ചു.