കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി (ജലസമൃദ്ധ കാട്ടാക്കട നിയോജകമണ്ഡലം), ജൈവസമൃദ്ധി (തരിശുരഹിത കാട്ടാക്കട നിയോജകമണ്ഡലം), ഒപ്പം (സ്ത്രീസൗഹൃദ കാട്ടാക്കട നിയോജകമണ്ഡലം) എന്നീ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഏകദിന ശില്പശാല ഇന്ന് വിളപ്പില്‍ശാല സേവാകേന്ദ്രത്തില്‍ വെച്ച് സംഘടിപ്പിച്ചു. എം.എൽ.എ ഐ.ബി.സതീഷ് ഉദ്ഘാടനം നിർവ്വഹിച്ച ശില്പശാലയിൽ കളക്ടറുടെ നേതൃത്വത്തിൽ 3 പദ്ധതികളുടെയും പ്രവര്‍ത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമായുള്ള ചർച്ചകൾ നടന്നു. പുതിയ കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുമെന്നും പുഴകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പ് മേധാവികള്‍, പഞ്ചായത്ത് പ്രസിഡന്റ്‌മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പൂര്‍ണ്ണ സമയം ശില്പശാലയില്‍ പങ്കെടുത്തു. ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അവലോകനം, 2018-19 വര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ അംഗീകാരം ലഭിച്ച ജലസമൃദ്ധി, ജൈവസമൃദ്ധി, ഒപ്പം പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ വിവരങ്ങളുടെ ക്രോഡീകരണം എന്നിവ ചർച്ചാ വിഷയമായി. വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും സംയോജനം വഴി കാട്ടാക്കട നിയോജക മണ്ഡലത്തെ ജലസമൃദ്ധമായ ഹരിതസമൃദ്ധമായ ഒരു സമ്പൂർണ്ണ മാത്രൃകാ മണ്ഡലമായി രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.