പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ മഴവെള്ള സംപോക്ഷണി സ്ഥാപിച്ചു

WhatsApp Image 2018-08-01 at 11.13.34 AM(1)

Image 1 of 5

പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനട ഗവൺമെന്റ് യു.പി സ്കൂളില്‍ കിണർ സംപോക്ഷണി സ്ഥാപിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും ഗവൺമെന്റ് സ്കൂളുകളിൽ ഘട്ടം ഘട്ടമായി മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി ഗവ. യു.പി.എസ് നേമം, ഗവ. എൽ.പി.എസ് മച്ചേൽ, ഗവ. എച്ച്. എസ്.എസ്. കുളത്തുമ്മൽ, ഗവ. എച്ച്.എസ്.എസ് വിളവൂർക്കൽ, ഗവ.ജി.എച്ച്.എസ്. കണ്ടല എന്നീ സ്കൂളുകളില്‍ മഴവെള്ള സംപോഷണ പദ്ധതി നടപ്പിലാക്കിയിരുന്നു. തുടർന്ന് മണ്ഡലത്തിലെ 10 സ്കൂളുകളിൽ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭഗവതിനട യൂ.പി.സ്കൂളില്‍ കിണർ സംപോക്ഷണി സ്ഥാപിച്ചത്. സ്കൂളുകളിലെ ബഹു നില കോൺക്രീറ്റ് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളവും ഓട് പാകിയ കെട്ടിടങ്ങളിലെ മഴവെള്ളവും പാത്തികൾ, പി.വി.സി പൈപ്പുകൾ മുതലായവ വഴി സ്കൂൾ മൈതാനത്ത് കിണറിനടുത്തായി 3500 ലിറ്റർ ശേഷിയുള്ള സ്ഥലസൗകര്യമനുസരിച്ച് രണ്ടു വൃത്താകൃത പിറ്റുകൾ സ്ഥാപിച്ച് നേരിട്ട് മഴവെള്ളം എത്തിച്ച് നടപ്പിലാക്കുന്ന ഭൂജല പോഷണ സംവിധാനമാണ് കിണർ സംപോക്ഷണി. 1.5 മീറ്റർ വ്യാസത്തിലുള്ള കോൺക്രീറ്റ് റിംഗുകൾ ഒന്നൊന്നായി അടുക്കി 2.4 ആഴത്തിൽ ഈ പിറ്റുകളുടെ ഉൾവശത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഓരോ റിംഗിനുമിടയിൽ നിശ്ചിത അളവിൽ ക്രമമായി കല്ലുകൾ ഘടിപ്പിച്ച് വിടവുകൾ സൃഷ്ടിച്ചിരിക്കുന്നു. ഏറ്റവും അടിയിലായി ചെറിയ പാറ കഷണങ്ങൾ. ചല്ലികൾ എന്നിവ 2 അടി ഘനത്തിൽ നിരത്തിയിട്ടുണ്ട്‌. ഒഴുകി വരുന്ന ഇലകളും മറ്റ് അസംസ്കൃത വസ്തുക്കളും പിറ്റിൽ എത്താതെ തടയാൻ വിവിധ ഭാഗങ്ങളിൽ അരിപ്പ് ഘടിപ്പിച്ചിട്ടുള്ള മാൻഹോളുകളും നിർമ്മിച്ചിട്ടുണ്ട്. സ്കൂളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഐ.ബി.സതീഷ്‌.എം.എല്‍.എ നിർവഹിച്ചു. സ്കൂള്‍ ോണിറ്ററിംഗ് കമ്മിറ്റി പ്രസിഡന്റ്‌ രമേശ്‌ അദ്ധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.മുരളീധരന്‍ സ്വാഗതം പറഞ്ഞു. ഭൂവിനിയോഗ ബോര്‍ഡ്‌ കമ്മീഷണർ എ.നിസാമുദീൻ, വാര്‍ഡ്‌ മെമ്പര്‍ പി.എസ്.ചിത്ര എന്നിവര്‍ സംസാരിച്ചു. വർഷങ്ങളായി സ്ഥിരം വേനല്‍ കാലത്ത് വറ്റി വരണ്ടിരുന്ന പല സ്കൂളുകളിലെയും കിണറുകള്‍ മഴവെള്ള സംപോക്ഷണി സ്ഥാപിക്കപ്പെട്ടതോടെ ജലസമൃദ്ധമായതോടൊപ്പം സമീപവാസികളുടെ വീടുകളിലെ കിണറുകളിലും ജലം സുലഭമായി. ഈ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും കിണർ സംപോക്ഷണി സ്ഥാപിച്ചു മഴവെള്ളം കടലിലേക്ക് പാഴായി ഒഴുകി പോകാതെ ഭൂമിക്കടിയിൽ സംഭരിച്ചു കൊണ്ട് നനവുള്ള മണ്ണും കുടിവെള്ള ലഭ്യതയും പരമാവധി ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.