നവകേരളത്തിനായി സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ച് കാട്ടാക്കട മണ്ഡലം.

20231202_112611

Image 1 of 15

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി, ഒപ്പം, കൂട്ട്, കാർബൺ ന്യൂട്രൽ കാട്ടാക്കട, കെ.ഐ.ഡി.സി, കാട്ടാൽ എഡ്യൂകേയർ എന്നീ പദ്ധതികളുടെ ഭാഗമായി 2023 ഡിസംബർ 2 ന് മണ്ഡലത്തിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “സ്റ്റുഡന്റ് കോൺക്ലേവ്” സംഘടിപ്പിച്ചു. നിയമസഭാ പ്രവർത്തനത്തിന്റെ മാതൃകയിൽ പൂർണ്ണമായും വിദ്യാർത്ഥികൾ മന്ത്രിമാരും എം.എൽ.എമാരുമായി സഭാ ചുമതല നിർവ്വഹിക്കുന്ന തരത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഭാവി കേരളം രൂപപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികളും അതിന് ശക്തി പകരുന്ന മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളും വിദ്യാർത്ഥി സഭാ പ്രതിനിധികൾ ചർച്ച ചെയ്തു. രാവിലെ 9.30 മണിക്ക് ആരംഭിച്ച കോൺക്ലേവിൽ ആദ്യ അരമണിക്കൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന് വിദ്യാർത്ഥികളായ ഭാവ്യ.ഡി.എസ് സ്പീക്കറായും, ദീപ്തകീർത്തി മുഖ്യമന്ത്രിയായും, അനില.എൽ പ്രതിപക്ഷ നേതാവായും ചുമതലയെടുത്ത് ആരംഭിച്ച സ്റ്റുഡന്റ്സ് കോൺക്ലേവിൽ ഐ.ബി.സതീഷ് എം.എൽ.എ വിശിഷ്ടാതിഥിയായി. രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്ത് 3 സെഷനുകളായി തിരിച്ച നവകേരള രൂപീകരണ ചോദ്യോത്തരവേളയിൽ 19 വിദ്യാർത്ഥി മന്ത്രിമാർ വിദ്യാർത്ഥി എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. യഥാർത്ഥ നിയമസഭാ സംവിധാനങ്ങളെ പോലും പിന്നിലാക്കും വിധം  ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങൾക്ക് പിൻബലമായി നവകേരളത്തിനായുള്ള പദ്ധതികൾ വിവരിക്കുന്ന ചെറു വീഡിയോകൾ പ്രദർശിപ്പിച്ചത് വിദ്യാർത്ഥികൾക്ക് നവകേരളമെന്ന ആശയത്തെ പറ്റിയും അതിന് കരുത്ത് പകരുന്ന കാട്ടാക്കട മണ്ഡലത്തിലെ വികസന പദ്ധതികളെ പറ്റിയും കൂടുതൽ അറിയുന്നതിന് സഹായകരമായി. വിദ്യാർത്ഥി കോൺക്ലേവിന്റെ സമാപന സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ ഭൂവിനിയോഗ ബോർഡ് കമ്മിഷണർ ടീന ഭാസ്കരൻ സ്വാഗതമാശംസിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ നവകേരള പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ ഐ.എ.എസ്, വിദ്യാർത്ഥി സഭാ സ്പീക്കർ, വിദ്യാർത്ഥി സഭാ മുഖമന്ത്രി, വിദ്യാർത്ഥി സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. കോൺക്ലേവിനൊടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനയുടെ സമ്മാന ദാനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയും സ്കൂൾ തലത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലികയും നിർവ്വഹിച്ചു. ബി.ആർ.സി കോർഡിനേറ്റർ ശ്രീകുമാർ സമാപന സമ്മേളനത്തിന് കൃതജ്ഞത രേഖപ്പെടുത്തി. ശാസ്ത്രോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ സംഘടിപ്പിച്ചക്കുന്ന ശാസ്ത്ര എക്സിബിഷനും ഫോട്ടോ പ്രദർശനവും മിക്കവുറ്റതായി. നവകേരള രൂപീകരണത്തിൽ പുതു തലമുറയുടെ പങ്കാളിത്തവും ആശയങ്ങളും ഉൾപ്പെടുത്തുന്നതിനും, മണ്ഡലത്തിലും കേരളത്തിലാകെയും നടന്നു വരുന്ന പദ്ധതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനും സ്റ്റുഡന്റ് കോൺക്ലേവിന് കഴിഞ്ഞു എന്ന വിലയിരുത്തലാണുള്ളതെന്ന് ഐ.ബി.സതീഷ് എംഎൽഎ അറിയിച്ചു.