കാട്ടാക്കട മണ്ഡലത്തിൽ ഇനി പച്ചക്കറിക്കാലം. ഓണക്കാലത്ത് നമ്മുടെ ഓണം, നമ്മുടെ പൂക്കൾ എന്ന ആശയം നടപ്പിലാക്കിയതിലൂടെ ശ്രദ്ദേയമായ പൂകൃഷിക്ക് ശേഷം “നട്ടുനനച്ച് പച്ചക്കറിയ്ക്കൊപ്പം കാട്ടാക്കട” എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിക്ക് തുടക്കമാകുന്നു. പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡലംതല പച്ചക്കറി നടീൽ ഉത്സവം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിൽ തുടക്കം കുറിക്കുന്ന ഈ പദ്ധതിയും പൂകൃഷി പോലെ കാർഷിക മേഖലയിലെ ശ്രദ്ധേയമായ മറ്റൊരു മാതൃകയാക്കി മാറ്റണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2022 ൽ 5 ഏക്കറിൽ ആരംഭിച്ച പൂകൃഷി ഇത്തവണത്തെ ഓണക്കാലത്ത് 64 ഏക്കറിലോളം വിപുലപ്പെടുത്തിയിരുന്നു. ഓണക്കാലത്തിന് ശേഷം പൂക്കൾ അരങ്ങൊഴിയുന്ന ഈ പൂപ്പാടങ്ങളെല്ലാം അടുത്ത ഓണക്കാലം വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിൽ നിന്നാണ് സമഗ്ര പച്ചക്കറി കൃഷി എന്ന ആശയത്തിലെത്തിയത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളായ പള്ളിച്ചൽ, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, കാട്ടാക്കട എന്നിവിടങ്ങളിലായി പൂകൃഷി ചെയ്തിരുന്ന കൃഷിയിടങ്ങൾ ഉൾപ്പടെ 170 ഏക്കർ ഭൂമി ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി ഓഫീസർമാരുടെയും നേതൃത്വത്തിൽ കണ്ടെത്തി. അതാത് പ്രദേശത്തെ ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയും മനസ്സിലാക്കി എവിടെയൊക്കെ എന്തൊക്കെ പച്ചക്കറി ഇനങ്ങൾ എപ്പോഴൊക്കെ കൃഷി ചെയ്യണമെന്നതിനെ പറ്റിയുള്ള വിശദമായ കാർഷിക കലണ്ടറും ഇതൊടൊപ്പം തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനവും മന്ത്രി നടീൽ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ച് നിർവ്വഹിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ യോഗങ്ങൾ സംഘടിപ്പിച്ച് ഒരു മാസ്റ്റർ പ്ലാനും തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാകും പച്ചക്കറി കൃഷി നടപ്പിലാക്കുകയെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ ഐ.എ.എസ് എന്നിവർ മുഖ്യാതിഥികളായെത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. മണ്ഡലത്തിലെ കൃഷി ഓഫീസർമാർ, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.