ജൈവ വൈവിദ്ധ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

IMG_20191016_105819

കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡുമായി ചേർന്ന് ജൈവ വൈവിദ്ധ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്തിലെ കുക്കിരി പാറയിൽ ജൈവ വൈവിദ്ധ്യ ഉദ്ധ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെമിനാർ  സംഘടിപ്പിച്ചത്. ജൈവ വൈവിദ്ധ്യ ബോർഡിന്റെ സങ്കേതിക – സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സസ്യോദ്യാനം, ശലഭോദ്യാനം, ഔഷധസസ്യ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, വിശ്രമം കേന്ദ്രം, റോക്ക് ഗാർഡൻ, മാംഗോ പാർക്ക്, ബാംബൂ പാർക്ക്‌, ക്യാക്റ്റസ് പാർക്ക് എന്നിവ ഉൾപ്പെടുത്തിയുള്ള പാർക്കാണ് ഇവിടെ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായാണ് സെമിനാർ സംഘടിപ്പിച്ചത്. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൈവ വൈവിദ്ധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ: വി.ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ മുഖ്യപ്രഭാഷണം നടത്തി. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ.അഖില പദ്ധതി വിശദീകരണം നിർവഹിച്ചു. ബയോ ഡൈവേഴ്സിറ്റി റിസോർസ് പേർസൺ റ്റി.ബാലചന്ദ്രൻ ക്ലാസുകൾ കൈകാര്യം ചെയ്തു. ജനപ്രധിനിധികൾ, ഉദ്യോഗസ്ഥർ, മണ്ഡലത്തിലെ വിവിധ കോളേജുകളിലെ വിദ്യാർഥികൾ, കുടുബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്ന് ജൈവ വൈവിദ്ധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഉൾപ്പടെയുള്ള  ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദർശിച്ച് പദ്ധതി നിർവഹണത്തിനുള്ള പ്രാഥമിക അവലോകനം നടത്തി. കാട്ടാക്കട മണ്ഡലത്തിലെ വിവിധ കോളേജുകളിലെ ബോട്ടണി, സൂവോളജി, അധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും സഹായത്തോടെ ജൈവ വൈവിദ്ധ്യ വിഭവ സംഭരണ പട്ടിക തയ്യാറാക്കുന്നതാണ് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് മാറനല്ലൂർ ക്രൈസ്റ്റ്നഗർ കോളേജിലെയും, മലയിൻകീഴ് ഗവണ്മെന്റ് കോളേജിലെയും എൻ.എസ്.എസ് യൂണിറ്റിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്തിന്റെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിനാവശ്യാമായ പ്ലാനും അനുബന്ധ സംവിധാനങ്ങളും പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ തയ്യാറാക്കി നൽകും.