ജൈവസമൃദ്ധി പദ്ധതി: ലോഗോ പ്രകാശനം ചെയ്തു.

FB_IMG_1589629090388

Image 1 of 2

സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്ത കാട്ടാക്കട നിയോജക മണ്ഡലം എന്ന ലക്ഷ്യവുമായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ ജൈവസമൃദ്ധി പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രചരണാർത്ഥമുള്ള ലോഗോ യുടെ പ്രകാശനം ഇന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഫെയ്സ്ബുക്ക് ലൈവിലൂടെ നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീൻ എന്നിവർ പ്രകാശനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ഏകോപനത്തിന് ചിട്ടയോടെയും അതിവിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലംതല കമ്മിറ്റിയും ഗ്രാമപഞ്ചായത്ത്‌തല കമ്മിറ്റികളും നിലവിൽ വന്നു. വാർഡ്‌തല യോഗങ്ങളും ആരംഭിച്ചു. മെയ്‌ 18 കൊണ്ട് വാർഡ്തല യോഗങ്ങൾ പൂർത്തിയാക്കി മെയ് 25ന് കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വാർഡ്‌തല യോഗങ്ങൾ ചേർന്ന് കർഷക ഗ്രൂപ്പുകൾ രൂപീകരിച്ചു മണ്ഡലത്തിലെ പരമാവധി ഇടങ്ങളിൽ സാധ്യമായ എല്ലാ കൃഷി രീതികളും വിളകളും ഉൾപ്പെടുത്തിയുള്ള സമഗ്ര കൃഷി രീതിയാണ് അവലംബിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, വിവിധ വകുപ്പുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സംയുക്ത പദ്ധതിയായിട്ടാണ് ജൈവസമൃദ്ധി നടപ്പിലാക്കുന്നത്. എല്ലാ വീട്ടിലും പച്ചക്കറി തോട്ടം സാധ്യമാക്കി കാർഷിക സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.