ജീവനി: കാട്ടാക്കട മണ്ഡലത്തില്‍ രണ്ടാം ഘട്ട പച്ചക്കറി വിത്ത് വിതരണം ഇന്ന് (ഏപ്രിൽ 16)

IMG-20200415-WA0015-1

കാട്ടാക്കട മണ്ഡലത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്ത് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നു. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്ത് വിതരണം നടത്തുന്നത്. വീടുകള്‍ തോറും പച്ചക്കറി കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആറിനം പച്ചക്കറി വിത്തുകളടങ്ങിയ ഒരു പാക്കറ്റ് വീതമാണ് ഒരു വീട്ടിലേക്കായി നൽകുക. ചീര, വെണ്ട, മുളക്, തക്കാളി, പയറ്, വഴുതന എന്നിവയുടെ വിത്തുകളാണ് പാക്കറ്റിലുള്ളത്. സർക്കാർ ഫാമിൽ നിന്നും വി.എഫ് പി.സി.കെ യിൽ നിന്നുമാണ്  ഇവ ശേഖരിച്ചിട്ടുള്ളത്. വിത്തുകൾ സൗജന്യമായാണ് നൽകുക. ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കര്‍ശനമായി പാലിച്ചാണ് വിതരണ പ്രവര്‍ത്തനങ്ങള്‍. കൃഷിയെ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിന് ആളുകൾക്ക് തടസ്സമുണ്ടാകില്ല. കൃഷി ഭവനുകൾ വഴിയാണ് പ്രധാന വിതരണമെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് പഞ്ചായത്ത് അംഗങ്ങള്‍ വഴി അതാത് വാര്‍ഡില്‍ വിത്തുകള്‍ വിതരണം ചെയ്യും. കൃഷി ചെയ്യുവാൻ താല്പര്യമുള്ള വ്യക്തികൾ തങ്ങളുടെ വാർഡ് മെമ്പറോട് ഫോൺ മുഖാന്തിരം ആവശ്യപ്പെട്ടാൽ വിത്തുകൾ വീടുകളിൽ എത്തിച്ച് നൽകും. ജീവനി പദ്ധതിയിലൂടെ സംസ്ഥാനമാകെ ആരോഗ്യദായകമായ സുരക്ഷിതപച്ചക്കറി ലഭ്യമാക്കുകയും അതിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത നേടുകയുമാണ് ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ വിത്തുകള്‍ ലഭിക്കാത്തവര്‍ അതാത് വാര്‍ഡ്‌ മെമ്പര്‍മാരുമായി ബന്ധപ്പെട്ട് ആ വിത്തുകളും കൈപ്പറ്റാവുന്നതാണ്. പരമാവധി ആളുകൾ ഈ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുവാൻ മുന്നോട്ട് വരണമെന്നും കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന വിത്തിനൊപ്പം പ്രാദേശികമായി ലഭിക്കുന്ന വിത്തുകളും ഉപയോഗിച്ച് വിപുലമായി തന്നെ പച്ചക്കറി കൃഷി ആരംഭിക്കണമെന്നും ഐ.ബി.സതീഷ്‌ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.