ജലസാക്ഷരതാ സന്ദേശവുമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

WhatsApp-Image-2019-12-14-at-5.58.32-PM-1

Image 1 of 22

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.  പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ്  വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും വിദ്യാർത്ഥി ജലഅസംബ്ലികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ ജലഅസംബ്ലി വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വച്ച് ഇന്നലെ നടന്നത്. വിദ്യാര്‍ത്ഥി ജലഅസംബ്ലിയില്‍ ‍വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി തെരഞ്ഞെടുത്ത 150 കുടുംബശ്രീ ബാലസഭ കുട്ടികൾ പങ്കെടുത്തു. 
സംസ്ഥാന നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന വിവിധ സെഷനുകളായിട്ടാണ് വിദ്യാർത്ഥി ജല അസംബ്ലി ക്രമീകരിച്ചിരുന്നത്. വിളവൂർക്കൽ പൊറ്റയിൽ എസ്.പി ആഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് എം.എൽ.എയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ജല അസംബ്ലിയിൽ കുമാരി.പ്രണയാ മോഹൻ സഭാ അധ്യക്ഷയായി. മാസ്റ്റർ.അഭിനന്ദ് എം.ജെ സഭാ നേതാവും മാസ്റ്റർ.ആദിത്യൻ എസ്.എൽ പ്രതിപക്ഷ നേതാവുമായി. നയപ്രഖ്യാപനത്തെ തുടർന്ന് 11:30 മുതൽ 12:30 വരെയുള്ള ചോദ്യോത്തരവേളയിൽ “ഹരിതകേരളവും ജല സംരക്ഷണവും” എന്ന വിഷയത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി മറുപടി നൽകി. തുടർന്ന് “വറ്റാത്ത ഉറവയ്ക്കായ് ജല സമൃദ്ധി” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണനും “ജനപ്രതിനിധികളും ജല സംരക്ഷണവും” എന്ന വിഷയത്തിൽ വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറും മറുപടികൾ നൽകി. “വികസനവും സംയോജന സാധ്യതകളും” എന്ന വിഷയത്തിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സജിനകുമാറും “വൃത്തി, വെള്ളം, വിളവ്” എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ പ്രതിനിധി ടി.പി സുധാകരനും, “ബാലസഭയും ജല സംരക്ഷണവും” എന്ന വിഷയത്തിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ നിഷ സുകുമാരനും മറുപടികൾ നൽകി. തുടർന്ന്  “കേരളത്തിലെ ഭൂവിനിയോഗവും ജല സംരക്ഷണവും” എന്ന വിഷയത്തിൽ 12.30 മുതൽ 1:00 മണിവരെ ശ്രദ്ധക്ഷണിക്കൽ നടന്നു. ശ്രദ്ധക്ഷണിക്കലിന്റെ ഭാഗമായി “മണ്ണ്-ജല സംരക്ഷണം” എന്ന വിഷയത്തെ സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ റോയി മാത്യുവും, “ജലവും ആരോഗ്യവും” എന്ന വിഷയത്തിലുള്ള ഉപചോദ്യങ്ങൾക്ക് വിളവൂർക്കൽ ഹെൽത്ത് ഇൻസ്പെക്ടറും മറുപടികൾ നൽകി. “ശുചിത്വ പരിപാലനം”  സംബന്ധിച്ച ഉപചോദ്യങ്ങൾക്ക് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ.ജി.ഹരികൃഷ്ണനും, ജല ബഡ്ജറ്റിംഗും ജല പരിപാലനവും എന്ന വിഷയത്തിലെ ഉപചോദ്യങ്ങൾക്ക് ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അരുണും മറുപടികൾ നൽകി.  
ശ്രദ്ധ ക്ഷണിക്കലിന് ശേഷം 1:00 മണി മുതൽ 1.00 വരെ “പ്രകൃതിസംരക്ഷണവും യുവ തലമുറയും” എന്ന വിഷയത്തിൽ സബ്മിഷനുകൾ അവതരിപ്പിക്കപ്പെട്ടു. സബ്മിഷന്റെ ഭാഗമായി “കൃഷിയും ജലവും” എന്ന വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് വിളവൂർക്കൽ കൃഷി ഓഫീസർ കലാറാണിയും, “ദുരന്ത നിവാരണവും യുവാക്കളും” എന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് സംസ്ഥാന യുവജന കമ്മിഷൻ അംഗം ദീപു രാധാകൃഷ്ണനും, “ജലസാക്ഷരത” യെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ബി.സജീവനും, ഭൂമിയും ശാസ്ത്രവുമെന്ന വിഷയത്തിലെ ചോദ്യങ്ങൾക്ക് ഷിബുവും മറുപടികൾ നൽകി. സബ്മിഷനുകൾക്ക് മേലുള്ള ഉപചോദ്യങ്ങളും മറുപടികളും പൂർത്തിയാക്കി ഉച്ചയ്ക്ക് 1:30 ന് സഭാ സമ്മേളന  നടപടികൾ അവസാനിച്ചു. വരും തലമുറയുടെ മനസ്സില്‍ ഉണ്ടാകേണ്ട കരുതലിനെ ഓര്‍മ്മപ്പെടുത്തലും, പ്രകൃതി – മണ്ണ് – ജല സംരക്ഷണങ്ങള്‍ക്ക് ചിലതെല്ലാം നമ്മള്‍ ചെയ്യാനുണ്ട് എന്ന തിരിച്ചറിവും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വിദ്യാർത്ഥി ജലഅസംബ്ലിയിൽ ഭൂവിനിയോഗ കമ്മിഷ്ണർ എ.നിസാമുദ്ദീൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഇതേ മാതൃകയിൽ വിദ്യാർത്ഥി ജല അസംബ്ലികൾ സംഘടിപ്പിച്ച് ജലസമൃദ്ധി പദ്ധതിയുടെ ജലസാക്ഷരതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ജലഅസംബ്ലികൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സഭാ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.