ജലസമൃദ്ധി “വിദ്യാർത്ഥി ജലപാർലമെന്റ്” റജിസ്‌ട്രേഷൻ ആരംഭിച്ചു



കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും മണ്ണ് സംരക്ഷണ വകുപ്പിന്റെ കീഴിൽ ചടയമംഗലത്ത് പ്രവർത്തിക്കുന്ന Institute for Watershed Development and Management – Kerala (IWDMK) യുമായി ചേർന്ന് ത്രിതല പഞ്ചായത്തുകൾ, വിവിധ സർക്കാർ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 2019ആഗസ്റ്റ് രണ്ടാം വാരം കാട്ടാക്കടയിൽ വെച്ച് വിദ്യാർത്ഥി ജലപാർലമെന്റ് സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുത്ത ഒരു വിദ്യാർത്ഥി പ്രതിനിധിയും കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാത്ഥികളും പങ്കെടുക്കുന്നതാണ്. മണ്ഡലത്തിലെ സ്കൂളുകളിലും കോളേജുകളിലും നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ ജില്ലയിലെ 100 സ്കൂൾ വിദ്യാർത്ഥികൾക്കും 100 കോളേജ് വിദ്യാർത്ഥികൾക്കും കൂടി ജലപാർലമെന്റിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജലസാക്ഷരത, ജലബഡ്ജറ്റിങ്ങ് തുടങ്ങി വിവിധ ജനകീയ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഫോട്ടോയും സ്കൂൾ / കോളേജ് ഐഡന്റിറ്റി കാർഡിന്റെ പകർപ്പോ സ്കൂൾ / കോളേജ് പ്രിൻസിപ്പലിന്റെ സമ്മത പത്രമോ സഹിതം https://jalasamrdhi.com/jalaparliament/ എന്ന വെബ്സൈറ്റിൽ 2019 ജൂലൈ 31 ന് മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തു ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നവർക്ക് മാത്രമേ ജലപാർലമെന്റിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു. ഇതോടൊപ്പം വിദ്യാത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അന്നേ ദിവസം ചിത്ര രചന, ക്വിസ്, ഉപന്യാസ മത്സരങ്ങളും (എൽ.പി / യു.പി / ഹൈസ്കൂൾ / ഹയർസെക്കന്ററി /കോളേജ് വിഭാഗങ്ങൾക്ക്) സംഘടിപ്പിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജലസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഒരു എക്സിബിഷനും ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പ്രവീൺ.ബി (8301012237), മഹേഷ്.എ.ആർ (9995954993) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.