കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജല ആഡിറ്റ് നടത്തുന്നതിന് മുന്നോടിയായി ജല ആഡിറ്റ് & ബഡ്ജറ്റ് ശില്പശാല സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലത്തിന്റെ ലഭ്യതയും ഉപയോഗവും പഠന വിധേയമാക്കുവാനും, ജലനഷ്ടം പരമാവധി കുറയ്ക്കുവാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ 8 പൊതു സ്ഥാപനങ്ങളില്‍ രണ്ട് മാസം മുന്‍പ് ജലആഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബഹു.ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്ത പ്രസ്തുത ജല ആഡിറ്റ് റിപ്പോര്‍ട്ടിന്‍ പ്രകാരം പല തരത്തിലുള്ള ജലനഷ്ടവും കണ്ടെത്താനായിട്ടുണ്ട്. ഇവ പരിഹരിക്കാനും മണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജല ആഡിറ്റ് നടത്തി സമ്പൂര്‍ണ്ണ ജലആഡിറ്റ് & ബഡ്ജറ്റ് നടപ്പിലാക്കാനും ലഷ്യം വച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ആദ്യ ഘട്ടമായി മണ്ഡലത്തിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് അതാത് സ്കൂളിലും സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലും ജലആഡിറ്റ് നടത്തും. തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ മണ്ഡലത്തിലുടനീളം ജല ആഡിറ്റ് നടത്തും. ആഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജലനഷ്ടം ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഭൂവിനിയോഗ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി പ്ലാനറ്റൊറിയം ലൈബ്രറി ഹാളില്‍ വച്ച് സംഘടിപ്പിച്ച ശില്പശാല ഐ.ബി.സതീഷ്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അനിത.എ.ബി അധ്യക്ഷയായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ശ്രീ.റോയ് മാത്യൂ സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി.സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര ജലവിഭവ വികസന വിനിയോഗ ഉപകേന്ദ്രം ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ജെയ്നെറ്റ്.പി.ജെ ജല ആഡിറ്റ് റിപ്പോര്‍ട്ട് അവതരണം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി സബ് കമ്മിറ്റി ചെയര്‍മാന്‍ വി.ഹരിലാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍.ശകുന്തളകുമാരി ആശംസയും ജലസമൃദ്ധി കോര്‍കമ്മിറ്റി അംഗം പി.എസ്.രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി. നേമം ബി.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറിമാര്‍, താലൂക്ക് ആശുപത്രി പ്രതിനിധികള്‍, അധ്യാപകര്‍, ഭൂവിനിയോഗ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജലം അമൂല്യമാണെന്നും ജലനഷ്ടം ഒഴിവാക്കി ജലത്തിന്റെ ലഭ്യത മനസ്സിലാക്കിയുള്ള ജല വിനിയോഗത്തിന് ജനങ്ങളെ പ്രാപ്തരാകുവാനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് ഇത്തരത്തിലൊരു ശില്പശാലയും തുടര്‍ന്ന്‍ സമ്പൂര്‍ണ്ണ ജലആഡിറ്റും സംഘടിപ്പിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എല്‍.എ അറിയിച്ചു.