ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തുമ്മൽ തോട് മാലിന്യ മുക്തമാക്കുന്നു

FB_IMG_1532796126956

Image 1 of 3

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെയും മാറനല്ലൂർ പഞ്ചായത്തിലേയും 11 വാർഡിലൂടെ 15 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന നെയ്യാറിന്റെ കൈവഴിയായ കുളത്തുമ്മൽ തോടിനെ മാലിന്യ മുക്തമാക്കുവാനും തോടിന്റെ ഒഴുക്ക് പുന:സ്ഥാപിക്കുവാനുമുള്ള നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി സംഘാടക സമിതി യോഗം കാട്ടാക്കട പഞ്ചായത്ത് ഹാളിൽ ചേർന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ജനങ്ങളെ തോടിന്റെ നിലവിലെ സ്ഥിതിയും തോട് സംരക്ഷണത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിന് സെപ്തംബർ 5 ന് നീർത്തട യാത്ര സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, വൈസ് പ്രസിഡന്റ്, ലാന്റ് യൂസ് ബോർഡ് കമ്മിഷണർ എ.നിസാമുദ്ദീൻ, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കെ. ചന്ദ്രശേഖരൻ നായർ എന്നിവർ പദ്ധതി നടത്തിപ്പിനെ പറ്റി വിശദീകരിച്ചു. വാർഡ്‌ മെമ്പർമാർ, യുവജന സന്നദ്ധ സംഘടനാ പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിലെ തോടുകളും ജലാശയങ്ങളും മാലിന്യ മുക്തമാക്കി സംരക്ഷിക്കുകയും ജലലഭ്യത ഉറപ്പ് വരുത്താൻ സാധ്യമായ എല്ലാവിധ ജലസംരക്ഷണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.