ജലസമൃദ്ധി പദ്ധതിയിൽ 1500 കിണറുകള്‍ റീചാര്‍ജ്ജിംഗ് ചെയ്യുകയും 300 പുതിയ കാർഷിക കുളങ്ങൾ നിർമ്മിക്കുകയും ചെയ്യും…

wetertert

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലാ പദ്ധതിയുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി നിയോജകമണ്ഡലത്തിലെ 1500 വീടുകളില്‍ ഈ വര്‍ഷം കിണര്‍ റീചാര്‍ജ്ജിംഗ് പൂര്‍ത്തിയാക്കാൻ തീരുമാനമായി. മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി ഇന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേരളം അഭിമുഖീകരിച്ച വലിയ പേമാരിക്കും പ്രളയത്തിനും ശേഷവും കിണറുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുന്നതിന് പ്രധാന കാരണം ലഭിക്കുന്ന മഴവെള്ളം ഭൂഗര്‍ഭജലമാക്കി മാറ്റുന്നതിന് നമുക്ക് കഴിയാതിരിക്കുന്നത് കൊണ്ടാണ്. ഈ പശ്ചാത്തലത്തിലാണ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വരുന്ന തുലാവർഷമഴയെ പരമാവധി പ്രയോജനപ്പെടുത്തുവാൻ പരമാവധി വീടുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ് നടപ്പിലാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഈ വര്‍ഷം 1500 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ഭൂജലവകുപ്പിന്‍റെ സഹായത്തോടെ ഈ വര്‍ഷം മണ്ഡലത്തില്‍ 22 പൊതു സ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജലസംപോഷണം നടപ്പിലാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ഡലത്തില്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്ന 53 ഹാന്‍ഡ് പമ്പുകളുടെ റിപ്പയറിംഗ് ഇതിനോടകം പൂര്‍ത്തിയായി. മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളിലായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന 17 സ്ഥലങ്ങളില്‍ സാധ്യതാ പഠനം നടത്തുകയും 7 പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഹരിത കേരളം മിഷന്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുമായി ചേര്‍ന്ന് മണ്ഡലത്തിലെ 57 സ്കൂളുകള്‍ നവംബര്‍ 1 ന് ഹരിത വിദ്യാലയങ്ങളാക്കും. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നബാര്‍ഡിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപയുടെ പ്രൊപ്പോസല്‍ തയ്യാറായി വരുന്നു. കൂടാതെ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ 5 കോടി രൂപയ്ക്ക് 79 കുളങ്ങളുടെ നവീകരണത്തിനുള്ള പദ്ധതി രേഖയും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ജലസേചന വകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും 10 കുളങ്ങളുടെ നവീകരണവും കുടവാക്കുഴി കല്ലുവരമ്പ് തോടില്‍ 4 ഗാബിയോണുകള്‍ക്കുള്ള പദ്ദതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്‍റെ സഹായത്തോടെ ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡിനെ ജൈവ വാര്‍ഡായി മാറ്റുന്നതാണ്. 2 സ്കൂളുകളില്‍ 50 സെന്‍റ് സ്ഥലത്ത് വീതം കുട്ടികളുടെ സഹായത്തോടെ പച്ചക്കറി കൃഷി ആരംഭിക്കുന്നതാണ്. ഫിഷറീസ് വകുപ്പ് മുഖാന്തിരം മണ്ഡലത്തിലെ 50 കുളങ്ങളില്‍ ഉള്‍നാടന്‍ മത്സ്യകൃഷി ആരംഭിക്കുകയും മത്സ്യ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയുമാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയ 300 കാര്‍ഷിക കുളങ്ങള്‍ നിര്‍മ്മിച്ച് പരമാവധി ഭൂഗര്‍ഭജലം ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. തോട് പുനരുജ്ജീവനം ഘടകത്തില്‍ ഉള്‍പ്പെടുത്തി കുളത്തുമ്മല്‍ തോടിന്‍റെ നവീകരണം ഈ വര്‍ഷം ഏറ്റെടുക്കുന്നതാണ്. ജനകീയ പങ്കാളിത്തം ഉറപ്പാക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 23 ന് പുഴ നടത്തം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദീൻ പ്രവർത്തന വിവരങ്ങൾ പങ്കുവച്ചു. ജെ.പി.സി ശ്രീ.ടി.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.