ജലസമൃദ്ധി കിണറുകളിൽ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നു.

FB_IMG_1563347352716

Image 1 of 5

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂജല വകുപ്പിന്റെ സഹായത്തോടെ കിണർ സംപോഷണം നടത്തിയ കിണറുകളിൽ ഓരോ മാസത്തെയും ജലനിരപ്പ് രേഖപ്പെടുത്തുന്നതിന് ബോർഡുകൾ സ്ഥാപിക്കുന്നു. ഭൂജല വകുപ്പിന്റെ സാങ്കേതിക മേൽനോട്ടത്തിൽ സ്കൂളുകളിൽ ജലക്ലബ്ബ്കളുടെ സഹായത്തോടെയും മറ്റു സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ജലനിരപ്പ് അളന്നു രേഖപ്പെടുത്തുന്നത്. മണ്ഡലത്തിലെ കിണർ സംപോഷണം നടപ്പിലാക്കിയ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളിലും ഉള്‍പ്പടെയുള്ള 36 പൊതു സ്ഥാപനങ്ങളിലെ കിണറുകളിലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. ഇത്തരത്തിൽ മണ്ഡലത്തിലെ വ്യത്യസ്ഥ ഭൂപ്രദേശങ്ങളിൽ നിന്നും ഓരോ മാസവും ലഭിക്കുന്ന റീഡിങ്ങുകൾ ക്രോഡീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭൂഗർഭ ജലവിതാനത്തിലുണ്ടാക്കുന്ന പുരോഗതി കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഭൂജലവകുപ്പിന്റെയും കേന്ദ്ര ഭൂജലബോര്ഡിന്റെയും നിരീക്ഷണ കിണറുകൾക്കു പുറമെ ഇത്തരം 36 കിണറുകളുടെ വിവരങ്ങൾ കൂടി ലഭിക്കുന്നതിലൂടെ മണ്ഡലത്തിൽ ലക്ഷ്യമിടുന്ന സമ്പൂർണ്ണ ജലആഡിറ്റിങ്ങുൾപ്പടെയുള്ള ശാസ്ത്രീയ ജലവിഭവ ആസൂത്രണത്തിന് സഹായകരമാകുന്നതാണ്. കുട്ടികളിൽ ജലസംരക്ഷണത്തിലൂടെ കൈവരിക്കുന്ന നേട്ടങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനും ജലസാക്ഷരത പ്രവർത്തനങ്ങൾക്കു അവരെ പ്രാപ്തരാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. ജലസമൃദ്ധി പദ്ധതിയിലൂടെ കിണര്‍ സംപോഷണം സ്ഥാപിച്ച കിണറുകളിൽ നടപ്പിലാക്കുന്ന ഈ നിരീക്ഷണ സംവിധാനത്തിന്റെ നിയോജമണ്ഡലതല ഉദ്ഘാടനം പേയാട് സെന്റ് സേവിയേഴ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഐ.ബി.സതീഷ്എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ആഫീസർ ഡോ.ജി.ബിന്ദു അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്.റോയ്, ഭൂജല വകുപ്പ് അസിസ്റ്റന്റ് എസ്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീജേഷ് എസ്.ആർ., പി.റ്റി.എ പ്രസിഡന്റ് സുനിൽ കെ.കെ എന്നിവർ സന്നിഹിതരായിരുന്നു. കിണര്‍ സംപോഷണം നടപ്പിലാക്കിയ മുഴുവന്‍ പൊതു സ്ഥാപനങ്ങളിലും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഈ സംവിധാനം സ്ഥാപിക്കുമെന്നും കേരളത്തിൽ ആദ്യമായിട്ടാണ് ഒരു നിയോജകമണ്ഡലത്തിൽ ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനം നിലവിൽ വരുന്നതെന്നും ഐ.ബി.സതീഷ്‌ എം.എല്‍.എ അറിയിച്ചു.