ജലസമൃദ്ധി കലാജാഥയ്ക്ക് ആവേശകരമായ വരവേല്‍പ്പ്

pkalajaadha1

Image 1 of 8

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടത്തുന്ന ജലസമൃദ്ധി കലാജാഥ ആറു പഞ്ചായത്തിലെയും മുപ്പത് കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും കലാ ജാഥയെ വരവേല്‍ക്കുന്നതിനും കലാകാരന്‍മാരെ അനുമോദിക്കുന്നതിനും ജനങ്ങള്‍ വലിയ ആവേശമാണ് കാണിച്ചത്. കലാകാരന്‍മാരോടൊപ്പം ചുവടുകള്‍ വെച്ചും ആടിയും പാടിയും ആബാലവൃദ്ധം ജനങ്ങളും കലാജാഥയെ നെഞ്ചേറ്റുന്ന കാഴ്ചയാണ് ഓരോ കേന്ദ്രത്തിലും കാണപ്പെട്ടത്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം പൊതു സമൂഹത്തിന്‍റെ മുമ്പില്‍ എത്തിച്ച് വേനല്‍ മഴയിലെയും തുടര്‍ന്ന് വരുന്ന കാലവര്‍ഷത്തിലെയും മഴവെള്ളം പരമാവധി ശേഖരിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിന് പൊതു സമൂഹത്തിന്‍റെ പിന്തുണ തേടിയാണ് മന്ത്രങ്ങളില്ലാതെ മനസ്സുണര്‍ത്തുന്നവര്‍ എന്ന കലാജാഥ പര്യടനം നടത്തുന്നത്. ജലസാക്ഷരതയിലൂടെ ജലത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനും ജലസമൃദ്ധി കലാജാഥ ജനങ്ങളോട് ആവശ്യപ്പെടുന്നു. കലാജാഥയുടെ ആദ്യപാദത്തില്‍ ജലലഭ്യതയില്‍ വന്ന കുറവും ശരിയായ ജലസംരക്ഷണം ഇല്ലാത്തതു കൊണ്ട് നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വിശദമാക്കുന്ന ദൃശ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുടര്‍ന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജലസമൃദ്ധി പദ്ധതിയില്‍ ഏറ്റെടുക്കുവാന്‍ കഴിയുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ തുള്ളി ജലവും സംരക്ഷിക്കുവാന്‍ എല്ലാവരും മുന്നോട്ട് വരണം എന്ന ആഹ്വാനത്തോടെയാണ് 40 മിനിട്ട് ദൈര്‍ഘ്യമുള്ള കലാജാഥ അവസാനിക്കുന്നത്. ഗാനങ്ങളും, നൃത്തങ്ങളും, ചിന്തോദ്ദീപകമായ ദൃശ്യങ്ങളും കോര്‍ത്തിണക്കിയിരിക്കുന്ന കലാജാഥ ജനമനസ്സില്‍ താല്‍പര്യമുളവാക്കുന്ന തരത്തിലാണ് കലാകാരന്മാര്‍ അവതരിപ്പിക്കുന്നത്. 2018 മെയ് 7 ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ പ്രയാണം ആരംഭിച്ച ജലസമൃദ്ധി കലാജാഥ മെയ് 9 ന് വിളവൂര്‍ക്കല്‍, 10 ന് പള്ളിച്ചല്‍, 11 ന് മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി മെയ് 12 ന് കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ സമാപിച്ചു. സി.വി ഉണ്ണികൃഷ്ണന്‍ രചനയും നേമം ബ്ലോക്ക് ജോയിന്‍റ് ബി.ഡി.ഒഡി. സുരേഷ് സംവിധാനം നിര്‍വ്വഹിച്ച കലാജാഥയില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള അമൃത, കരിഷ്മ, സിദ്ധുമോഹന്‍, ശ്രീരാം, അഭിലാഷ്, അനന്തകൃഷ്ണന്‍, ശ്രീദേവി, ധനേഷ് എന്നിവരാണ് അഭിനയിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും കലാജാഥയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പ് സന്തോഷം പകരുന്നതാണെന്ന് കലാകാരന്മാര്‍ അഭിപ്രായപ്പെട്ടു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന കലാജാഥ നാടിന് ഒരു പുതിയ അനുഭവമായി മാറിക്കഴിഞ്ഞു. കലാജാഥയുടെ ഭാഗമായി എല്ലാ കേന്ദ്രങ്ങളിലും ജലസംരക്ഷണ പ്രതിജ്ഞയും എടുക്കുന്നുണ്ട്. ഉറവകള്‍ വറ്റാത്ത നാടൊരുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മന്ത്രങ്ങളില്ലാത്ത മനസ്സുണര്‍ത്തുന്നവരുടെ പ്രയാണം. ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍, തൊഴിലുറപ്പുതൊഴിലാളികള്‍, കുടുംബശ്രീ, ജലമിത്രങ്ങള്‍ എന്നിവര്‍ കലാജാഥയ്ക്ക് നേതൃത്വം നല്‍കി.