ജലസമൃദ്ധിയ്ക്കായി ജലക്ലബ്ബുകള്‍ ശക്തിപ്പെടുത്തും

jc1

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലാകമാനം വ്യാപിപ്പിക്കുന്നതിനായി ജലക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ശ്രീ. ഐ.ബി.സതീഷ്.എം.എല്‍.എ. വിദ്യാലയങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജലക്ലബ്ബുകളുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ജലക്ലബ്ബുകളുടെ ചുമതലയുള്ള അദ്ധ്യാപക കോര്‍ഡിനേറ്റര്‍മാരുടെ യോഗം മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പിറവി ദിനമായ നവംബര്‍ 1ന് നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള വിശദമായ കര്‍മ്മ പദ്ധതി ഓരോ സ്കൂളും തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളുകളില്‍ നടപ്പിലാക്കിയ ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിംഗ് പദ്ധതിയുടെ നേട്ടം ജനങ്ങളിലെത്തിക്കുന്നതിനും അതിലൂടെ ഓരോ വീട്ടിലും കിണര്‍ റിചാര്‍ജിംഗ് നടപ്പിലാക്കുന്നതിനും, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനും അദ്ധ്യപക സമൂഹത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും ജډദിനത്തില്‍ ഒരു പുതിയ വൃക്ഷതൈ വച്ച് പിടിപ്പിച്ച് പരിപാലിക്കുക, ഓരോ ക്ലാസ്സിലെയും വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ നിശ്ചിത സ്ഥലങ്ങളില്‍ 2-5 വൃക്ഷതൈകള്‍ നട്ടു പരിപാലിക്കുക, വിശേഷ അവസരങ്ങളിലും (ജډദിനം, വാര്‍ഷികം, മറ്റ് ആഘോഷങ്ങള്‍) സ്കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായും വൃക്ഷതൈകള്‍ നടുന്ന ഒരു പുതിയ സംസ്കാരം വളര്‍ത്തിയെടുക്കുക, എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ വീടുകളില്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടുകൂടി, പറമ്പിലെ മഴവെള്ളം ശേഖരിക്കുവാന്‍ കഴിയുന്ന സ്ഥലത്ത്, ഒരു മഴക്കുഴി നിര്‍മ്മിച്ച് പരിപാലിക്കുക, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെ കിണര്‍ ജലം പരിശോധിച്ച് ജലശുദ്ധി കാര്‍ഡ് വിതരണം ചെയ്യുക, സ്കൂള്‍ കോമ്പൗണ്ടില്‍ സ്ഥലം ലഭ്യമാണെങ്കില്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിക്കുക, വിദ്യാലയത്തിന് സമീപമുള്ള ഒരു കുളം തിരഞ്ഞെടുത്ത് പ്രദേശവാസികളുടെ സഹകരണത്തോടെ പരിപാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, സ്കൂളിന്‍റെ പരിസരിത്ത് കൂടി ഒഴുകുന്ന തോടില്‍ ഒരു കിലോമീറ്ററില്‍ കുറയാത്ത് നീളം തിരഞ്ഞെടുത്ത് പുഴ നടത്തം സംഘടിപ്പിക്കുക, കൈ കഴുകി കളയുന്ന വെള്ളം ശുദ്ധീകരിച്ച് ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്നതിനോ അല്ലെങ്കില്‍ കൃഷിയ്ക്ക് ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ആരായുക, ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനും ജലത്തിന്‍റെ ദുരുപയോഗം തടയുന്നതിനും ഉതകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഗൃഹസന്ദര്‍ശനം നടത്തുക, ജലക്ലബിന്‍റെ നേതൃത്വത്തില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ (ചിത്രരചന, ഉപന്യാസം തുടങ്ങിയവ) സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസ്സാമുദ്ദീന്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ പ്രേമലത.ആര്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വി.ഹരിലാല്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എ.എസ്.രാജീവ്, വേണു തോട്ടുംകര എന്നിവര്‍ പങ്കെടുത്തു.