ജലസമുദ്ധി പദ്ധതിയുടെ അടുത്തഘട്ട പ്രവർത്തനങ്ങൾ: കലക്ടറേറ്റ് യോഗം

309581229_636760591152170_8582283092015501843_n

Image 1 of 4

കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമുദ്ധി പദ്ധതിയുടെ അടുത്തഘട്ട പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് കളക്ടറേറ്റിൽ യോഗം ചേർന്നു. ജലവിഭവ വകുപ്പ്, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജൈവ വൈവിധ്യ ബോർഡ്, സാമൂഹിക വനവത്കരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ശുചിത്വ മിഷൻ, കൃഷി വകുപ്പ്, സാമ്പതിക സ്ഥിതി വിവര കണക്ക് വകുപ്പ് എന്നീ വകുപ്പുകൾ പദ്ധതിയുമായി ബന്ധപ്പെട്ട കഴിഞ്ഞകാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടര്‍ന്ന് ഏറ്റെടുക്കാനുള്ള പ്രവര്‍ത്തികളെ സംബന്ധിച്ച് രൂപം നൽക്കുകയും ചെയ്തു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നെയ്യാറിൽ നിർമ്മിക്കുന്ന തടയണയുടെ ടെണ്ടര്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വിഴവൂരില്‍ അണപ്പാട് തോടില്‍ നിര്‍മ്മിച്ച തടയണയുടെയും നവീകരിച്ച വേങ്കൂര്‍ കുളത്തിന്റെയും ഉദ്ഘാടനം അടുത്ത മാസം നടത്തുന്നതിന് തീരുമാനിച്ചു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തീരം ഇടിഞ്ഞ നെയ്യാറിന്റെ ഭാഗം സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ ശാസ്താംപാറയിലെ സൈറ്റിൽ വെള്ളം ലഭ്യമാക്കുന്നതിന് ഇന്നൊവേറ്റീവ് പ്രൊപോസൽ തയ്യാറാക്കുന്നതിനും മുകളിൽ നിന്നും വെള്ളം കോൺക്രീറ്റ് ചാൽ വഴി താഴെ കളക്ഷൻ ടാങ്കിൽ എത്തിക്കുന്നതിനും ഹാർവെസ്റ്റിംഗ് സ്ട്രക്ചർ നിർമ്മിക്കുന്നതിന്റെയും സാദ്ധ്യതകൾ പരിശോധിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മലയിൻകീഴ് സ്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള വാട്ടർ ടെസ്റ്റിംഗ് ലാബിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റി തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഭൂഗർഭജല നിരപ്പ് 2017 മുതൽ ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി. മണ്ണ് സംരക്ഷ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന 5 ചെറു നീര്‍ത്തട പദ്ധതികള്‍ ഡിസംബര്‍ മാസം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ ആരംഭിക്കുന്ന 100 ചെറുവനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 5 ചെറുവനങ്ങള്‍ സാമൂഹിക വനവത്കരണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പിറവി ദിനത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു. ജലസമൃദ്ധി പദ്ധതിയുടെ രണ്ടംഘട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് നീര്‍ത്തട യാത്ര നടത്തുന്നതിനും മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും വീടുകളില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടുകൂടി കൃത്രിമ ഭൂജല സംപോഷണം നടപ്പിലാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. കാട്ടാക്കട മണ്ഡലം സമ്പൂർണ്ണ കിണർ റീച്ചാർജ്ജിംഗ് നടപ്പിലാക്കിയ മണ്ഡലമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ പ്രചാരണ – പ്രായോഗിക പ്രവർത്തനങ്ങൾ നടത്തും. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കിയ ആമച്ചൽ ഏലയിൽ കൂടുതൽ സ്ഥലം നെൽ കൃഷിയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും ആമച്ചൽ ഏലയിലെ 50 ഏക്കർ പാടത്തേക്കുള്ള സ്പെഷ്യൽ പാക്കേജ് തയ്യാറാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഓണത്തിനോടനുബന്ധിച്ചു തുടങ്ങിയ പൂകൃഷി സ്ഥിരമായി തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു. മണ്ഡലത്തില്‍ സമ്പൂർണ മാലിന്യ ശുചീകരണ പ്രവർത്തികൾ ഓക്ടോബർ 2 ന് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനുവേണ്ടിയുള്ള ലഖുലേഖകൾ തയ്യാറാക്കുന്നതിന് ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്.