ജപ്പാന്‍ പഠനസംഘം

japan1

Image 1 of 15

കാട്ടാക്കടയിലെ ജലസമൃദ്ധി പഠിക്കുവാൻ ജപ്പാനിൽ നിന്ന് പത്തംഗ സംഘം. കാട്ടാക്കട നിയോജക മണ്ഡലത്തിൽ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാൻ ജപ്പാൻ നിഹോൺ – ഫുക്കുഷി യൂണിവേഴ്സിറ്റിയിൽ നിന്ന് എത്തിയ പത്തംഗ സംഘത്തിന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് കാട്ടാക്കട എം.എൽ.എ. ഐ.ബി.സതീഷ് സ്വീകരണം നൽകി. ഇൻഡ്യയും ജപ്പാനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കാതൽ ബുദ്ധമത ദർശനത്തിന്റെ ആഴങ്ങളിൽ നിന്നാണെന്നത് അനുസ്മരിക്കുവാനും സംഘത്തലവൻ പ്രൊഫ. സെയ്റ്റോ ചിഹിരോ മറന്നില്ല. കാട്ടാക്കട മണ്ഡലത്തിലെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ സംക്ഷിത രൂപം അതിഥികൾക്ക് മുന്നിൽ കേരളാ ലാന്റ് യൂസ് കമ്മീഷണർ ശ്രീ. എ.നിസാമുദീൻ അവതരിപ്പിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ കണ്ടല ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ആർട്ടിഫിഷ്യൽ റീച്ചാർജ്ജ്, സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയത്തെ മുൻനിർത്തി സ്കൂൾ അങ്കണത്തിലെ ജൈവ പച്ചക്കറി കൃഷി, കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കയർ ഭൂവസ്ത്രമണിയുവാൻ തയ്യാറായി നിൽക്കുന്ന കൊല്ലാട് വാർഡിലെ ചിറക്കുഴി കുളം, വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ പേയാട് സെൻറ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കൂളിൽ ജലക്ലബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള ജലശുദ്ധി പരിശോധനാ ലാബ്, കയർ ഭൂവസ്ത്രം അണിഞ്ഞു കഴിഞ്ഞ വിളപ്പിൽ മിണ്ണംകോട് കുളം, വിളപ്പിൽ യു.പി.എസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ജൈവ പച്ചക്കറിത്തോട്ടം, സ്കൂളിൽ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള കിണർ റീചാർജ്ജ്, ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്തമാക്കിയ വിളപ്പിലെ ഇരട്ടക്കുളം, എന്നീ സ്ഥലങ്ങൾ ജപ്പാൻ സംഘം സന്ദർശിച്ചു. എല്ലാ സന്ദർശന കേന്ദ്രങ്ങളിലും മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ജലമിത്രങ്ങളുടെ സജീവ സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ സശ്രദ്ധം പഠനവിധേയമാക്കിയ സംഘത്തലവൻ പ്രാഫ.സെയ്റ്റോ ചിഹിറോ ഇത്തരം പ്രവർത്തനങ്ങൾ ലോകത്തിനാകെ മാതൃകയാണെന്ന അഭിപ്രായം പങ്കു വയ്ച്ചു. ഇത്തരം മാതൃകകൾ പകർത്തുവാൻ ആധുനീക ലോകം തയ്യാറായില്ലെങ്കിൽ രൂക്ഷമായ ജലദൗർലഭ്യത്തിന് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകുവാനും അദ്ദേഹം മറന്നില്ല. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള കുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.വിജയരാജ്, മറ്റ് ജനപ്രതിനിധികൾ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഹരിലാൽ, വേണുതോട്ടുംകര, എന്നിവർ സംഘത്തെ അനുഗമിച്ചു.