ജനപ്രതിനിധികൾക്കായി ആശയവിനിമയ ശില്പശാല സംഘടിപ്പിച്ചു.

IMG_20210130_110911

Image 1 of 3

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആശയ വിനിമയ ശില്പശാല സംഘടിപ്പിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ ജലസമൃദ്ധി, സ്ത്രീസൗഹൃദ മണ്ഡലത്തിനായുള്ള ഒപ്പം പദ്ധതി, ലഹരിവിമുക്ത മണ്ഡലത്തിനായുള്ള കൂട്ട് പദ്ധതി, കാർഷിക സമൃദ്ധിക്കായുള്ള ജൈവസമൃദ്ധി പദ്ധതി എന്നിവയെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ശിൽപ്പശാല ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാതിഥിയായി. ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോക്ടർ റ്റി.എൻ.സീമ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന ടെക്നിക്കൽ സെക്ഷനിൽ സുസ്ഥിര വികസന കാഴ്ച്ചപ്പാട് എന്ന വിഷയത്തെ സംബന്ധിച്ച് കേരള സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്, നവകേരള നിർമ്മിതിയും ജനപ്രതിനിധികളും എന്ന വിഷയത്തിൽ കില ഡയറക്ടർ ഡോ.ജോയ് ഇളമൺ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. തുടർന്ന് ജലസമൃദ്ധി, അറിയാം കാട്ടാക്കട എന്നീ പദ്ധതികളെ പറ്റി ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീനും, ഒപ്പം പദ്ധതിയെപ്പറ്റി അസിസ്റ്റന്റ് കോഡിനേറ്റർ ബീന ബഷീർ, കൂട്ട് പദ്ധതിയെപ്പറ്റി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു എന്നിവർ പരിചയപ്പെടുത്തി. ഈ പദ്ധതികളുടെ നിർവ്വഹണ ചുമതലകൾ ഉള്ള വിവിധ വകുപ്പുകളുടെ മേധാവികളും ചടങ്ങിൽ പങ്കെടുത്ത് വകുപ്പിന്റെ പദ്ധതികളെ ജനപ്രതിനിധികൾക്ക് പരിചയപ്പെടുത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അനിൽ കുമാർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ ഹാളിൽ വച്ച് കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതികളുടെ തുടർ പ്രവർത്തനങ്ങളെ പറ്റി ചർച്ചയും സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിവരുന്നത് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളാണ്. പദ്ധതികളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിർലോഭമായ സഹകരണം ഉണ്ടാകണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.