കുളത്തുമ്മല്‍ തോട് – നീര്‍ത്തട സംരക്ഷണ യാത്ര

IMG_20181023_094112

Image 1 of 19


ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും – ജില്ലാ കളക്ടർ

ജലസ്രോതസ്സകുള്‍ മലിനമാക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. കാട്ടാക്കട പഞ്ചായത്തിലെ മൈലാടിയില്‍ നിന്ന് ആരംഭിച്ച് മാറനല്ലൂര്‍ പഞ്ചായത്തിലൂടെ നെയ്യാറില്‍ എത്തിച്ചേരുന്ന കുളത്തുമ്മല്‍ തോട് നവീകരിച്ച് മാലിന്യമുക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി ഐ.എ.എസ് അഭിപ്രായപ്പെട്ടു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരു കാലത്ത് കാട്ടാക്കട പഞ്ചായത്തിലെ നെല്ലറകളായി അറിയപ്പെട്ടിരുന്ന അമ്പലത്തിൻകാല ഏലാ, അഞ്ചുതെങ്ങുംമൂട് ഏലാ, മംഗലയ്ക്കൽ ഏലാ, ആമച്ചൽ ഏലാ എന്നിവിടങ്ങളിലെ നെൽകൃഷിക്ക് വെള്ളം ലഭ്യമാക്കിയിരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന കുളത്തുമ്മൽ തോട് ഇന്ന് പലയിടങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന്റെ ഭാഗമായും അനധികൃത കൈയ്യേറ്റങ്ങളുടെ ഭാഗമായും അശാസ്ത്രീയ നിർമ്മാണങ്ങളുടെ ഭാഗമായും ഒഴുക്ക് തടസപ്പെട്ട് നശിച്ചിരിക്കുന്നു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളത്തുമ്മൽ തോട് മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കാൻ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ 16 ലധികം വകുപ്പുകളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച നീര്‍ത്തട സംരക്ഷണ യാത്രയുടെ ഭാഗമായി മൈലാടിയില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എസ്. അജിതയുടെ അദ്ധ്യക്ഷതയില്‍ ശ്രീ.ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തോടിന്റെ നിലവിലെ സ്ഥിതി നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ.കെ.വാസുകി.ഐ.എ.എസ്, പഞ്ചായത്ത് മെമ്പർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എസ്.പി.സി കേഡറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ കുളത്തുമ്മല്‍ തോടിന്‍റെ ഉത്ഭവസ്ഥാനത്തുള്ള മൈലാടി കുളത്തില്‍ നിന്നും രാവിലെ 8 മണിക്ക് ആരംഭിച്ച യാത്ര കാട്ടാക്കട പഞ്ചായത്തിലെ 11 വാർഡുകളിലൂടെ 10 കിലോമീറ്റർ പിന്നിട്ട് കാട്ടാക്കട ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തിയായ തൊട്ടരുവിയില്‍ സമാപിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ.എ. നിസ്സാമുദ്ദീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ശ്രീ.റോയ് മാത്യു, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ശ്രീ.ഉദയകുമാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീര്‍ത്തട സംരക്ഷണ യാത്രയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ് വോളന്‍റിയര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ യാത്രയെ അനുഗമിച്ചു. നീര്‍ത്തട സംരക്ഷണ യാത്രയെ അഞ്ചുതെങ്ങിന്‍മൂട്, കഞ്ചിയൂര്‍ക്കോണം, ചാരുപാറ, കൊമ്പാടിക്കല്‍, പാറച്ചല്‍, കാലക്കോട്, അമ്പലത്തിന്‍കാല, പൊന്നറകോണം എന്നിവിടങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. അഞ്ചുതെങ്ങിന്‍മൂടില്‍ വെച്ച് പൊന്നറ എല്‍.പി സ്കൂളിലെ കുട്ടികള്‍ യാത്രയെ പ്ലക്കാര്‍ഡുകള്‍ ഏന്തി ഗാനങ്ങള്‍ ആലപിച്ചാണ് സ്വീകരിച്ചത്. കുളത്തുമ്മൽ തോട് കാട്ടാക്കടയുടെ ഹൃദയധമനികൾ എന്ന പോലെ സ്വച്ഛമായി ഒഴുകാനായി ആവശ്യമായ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സംരക്ഷിക്കാനും നാടൊന്നാകെ ഇറങ്ങണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.