കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ പാറ ക്വാറികളിലെ ജലം ഉപയോഗിച്ച് കിണർ റീ ചാർജിംഗ് എന്ന പദ്ധതി പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണൻകോട് വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് വിശദമായ ഫീൽഡ് പരിശോധന നടത്തുകയുണ്ടായി. ഇരുപത്തിയഞ്ചിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കിണറുകളിലെല്ലാം തന്നെ അതിരൂക്ഷമായ ജലദൗർലഭ്യം അനുഭവപ്പെട്ടിരുന്നു ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പാറക്വാറിയിൽ നിന്നും ഏകദേശം 500 അടി അകലത്തിൽ 200 അടി താഴെ ഭാഗത്തായി 2.10 m X 1.80 m X 1.50 m അളവിൽ ഒരു റീച്ചാർജ് പിറ്റ് മച്ചേൽ കുളങ്ങരക്കോണം പുലരിയോട്ടത്ത്കോണത്ത് വീട്ടിൽ ശ്രീ സി.എൽ ജോർജിന്റെ പുരയിടത്തിൽ നിർമ്മിച്ചത്. തുടർന്ന് ഈ കുഴിയുടെ അടിഭാഗത്തായി മണലും ഗ്രാവലും നിക്ഷേപിച്ചു. തുടർന്ന് ഹൈഡ്രോളിക് ഗ്രേഡിയന്റ് തത്വത്തിന്റെ അടിസ്ഥാനത്തിൽ 1 ഇഞ്ച് വ്യാസമുള്ള ഒരു പി വി സി പൈപ്പിന്റെ സഹായത്തോടെ ക്വാറിയിൽ നിന്ന് ജലം ഈ റീചാർജ് പിറ്റിലേക്കെത്തിച്ചു. പിറ്റിലെത്തുന്ന ജലത്തിന്റെ അളവ് ക്രമീകരിക്കാൻ ഒരു ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്. 3 ദിവസം കൊണ്ട് ജോർജിന്റെ കിണറിലെ ജലനിരപ്പ് ഉയർന്നതോടൊപ്പം സമീപത്ത് താമസിക്കുന്ന വിൽസൺ, രവി , സുജാത അമ്പിളി, വിജിമോൾ രാധാകൃഷ്ണൻ , ഹരികൃഷ്ണൻ, വേണു, ഗോപാലൻ നായർ , ഗോപൻ , സതികുമാരൻ നായർ എന്നിവരുടെ കിണറുകളിലും ജലനിരപ്പ് ഉയർന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ മോഡലിന്റെ വിജയം നിയോജകമണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും ഏറ്റെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കും.