കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിൽ വച്ച് ജലക്ലബുകളുടെ മണ്ഡലംതല ഉദ്ഘാടനം എം.എൽ.എ ഐ.ബി സതീഷ് നിർവ്വഹിച്ചു. ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ്ജ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വിദ്യാർത്ഥികൾ ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടിലെ ആബാലവൃത്തം ജനങ്ങൾക്കുമൊപ്പം വിദ്യാർത്ഥികളുടെ പങ്കാളത്തവും ശ്രദ്ദേയമായിരുന്നു. പുഴ നടത്തം, ജലസ്രോതസ്സുകളെ അടുത്തറിയൽ, മരങ്ങൾ നടൽ തുടങ്ങിയവയോടൊപ്പം ക്രിസ്തുമസ് അവധിക്കാല എൻ.എസ്.എസ്. ക്യാമ്പുകളെ ജലസമൃദ്ധി പദ്ധതിയുമായി ബന്ധിപ്പിച്ചപ്പോൾ കുട്ടികൾക്ക് പുതിയൊരു അനുഭവമാണ് പകർന്നു നൽകിയത്. ഇതിന്റെ ചുവടുപിടിച്ചു സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി ജലപാർലമെന്റ്, പഞ്ചായത്തുകളിൽ ജലഅസംബ്ലികൾ, സാഹിത്യ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിരുന്നു. ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ കോൺഫറൻസ്സിൽ ജലസമൃദ്ധി പദ്ധതിയിൽ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെ പ്രത്യേകം പരാമർശിക്കപ്പെട്ടത് വിദ്യാർഥി സമൂഹത്തിനുള്ള അംഗീകാരമാണ്. വിദ്യാർത്ഥികളെ ജല സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി നമുക്കും വരുംതലമുറയ്ക്കും ആവശ്യമായ ജീവജലം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടുതൽ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കുന്നതിനാണ് സ്കൂളുകളിൽ ജലക്ലബുകൾ രൂപീകരിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു. ഓരോ സ്കൂളിലും ഒരു ടീച്ചർ കോർഡിനേറ്റർ, നാല് വിദ്യാർത്ഥി കോർഡിനേറ്റർമാർ, ഒരു ഡിവിഷനിൽ നിന്ന് ഒരു വിദ്യാർതിഥി പ്രതിനിധി എന്ന തരത്തിലാണ് ജലക്ലബുകൾ രൂപീകരിച്ചത്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കുക, നിയോജക മണ്ഡലത്തെ ഹരിതാഭമാക്കുന്നതിന് പരമാവധി മരങ്ങൾ വെച്ച് പിടിപ്പിക്കുക. എല്ലാ സ്കൂളുകളിലും ഒരു വിദ്യാവനം നിർമ്മിക്കുക, നിലവിലുള്ള പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സ്ഥിതി വിശകലനം ചെയ്തു അവയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക, എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം പറമ്പിൽ വീഴുന്ന മഴവെള്ളം ശേഖരിക്കുക, ഇതിനായി മഴക്കുഴികൾ, തെങ്ങിന് തടമെടുക്കൽ, തട്ടുതിരിക്കൽ എന്നിവ അവലംബിക്കും. എല്ലാ വീടുകളും കിണർ റീചാർജിങ് നടത്തുന്നതിന് വിദ്യാർത്ഥികൾ മുൻകൈ എടുക്കുക, സ്കൂളിൽ സ്ഥലം ലഭ്യമാണെങ്കിൽ ജൈവ പച്ചക്കറി തോട്ടം ഔഷധ തോട്ടം പൂന്തോട്ടം എന്നിവ നിർമ്മിക്കുക, സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാക്കുക, മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി, ജല സംരക്ഷണം എന്നിവ നടപ്പാക്കുക, ആദ്യഘട്ടമായി എല്ലാ സ്കൂളുകളും പ്ലാസ്റ്റിക് വിമുക്തമാക്കുക, ജലക്ലബ്ബുകളുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക, ഒരു മാസം ഒരു പ്രവർത്തനം എന്ന രീതിയിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക, കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് ജല ക്ലബുകളുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങളാക്കേണ്ടതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേമം വിക്ടറി വി.എച്ച്.എസ്.എസിലെ ജലക്ലബ് ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മറ്റ് സ്കൂളുകളിൽ ജനപ്രതിനിധികൾ, റിസോഴ്സ് പേഴ്സൺമാർ, സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാർ എന്നിവർ ജല ക്ലബുകൾ ഉദ്ഘാടനം ചെയ്തു.