കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകള്‍ ഹരിത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി ശുചീകരണയജ്ഞം

20180903-WA0015 (1)

Image 1 of 27

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകള്‍ കേരളപ്പിറവി ദിനമായ 2018 നവംബര്‍ 1 നു ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹരിത കേരളം മിഷന്‍ വിഭാവന ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്ന ആശയത്തിലധിഷ്ടിതമായാണ് ലക്ഷ്യംകൈവരിക്കുന്നത്. ഹരിത കേരളം മിഷന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഹരിത വിദ്യാലയങ്ങള്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളും ഇത്തരമൊരു പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്. സ്കൂളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ശേഖരിച്ച് ഭൂഗര്‍ഭ ജലമാക്കിയും സ്കൂളുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാതിടങ്ങളില്‍ സംസ്കരിച്ചും കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയും ഓരോ സ്കൂളും ഹരിത വിദ്യാലയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഹരിത വിദ്യാലയം പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ശുചിത്വ മിഷനുമായി ചേര്‍ന്നാണ് ശുചിത്വ വിദ്യാലയത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സ്കൂള്‍ കോമ്പൗണ്ടിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പെന്‍ കളക്ഷന്‍ ബോക്സ്, പ്ലാസ്റ്റിക് കളക്ഷന്‍ ബോക്സ്, പേപ്പര്‍ കളക്ഷന്‍ ബോക്സ് എന്നിവ സ്ഥാപിക്കുക, ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ അനുയോജ്യമായ ഉറവിട മാലിന്യ സംവിധാനം ഒരുക്കുക, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുക എന്നിവ ശുചിത്വ മിഷന്‍റെ സാങ്കേതിക സഹായത്തോടെയാണ്‌ പൂര്‍ത്തിയാക്കുന്നതാണ്.

ജല സംഭരണത്തിന്‍റെ ഉത്തമ മാതൃകയായ കിണര്‍ സംപോഷണം നിയോജക മണ്ഡലത്തിലെ സാധ്യമായ എല്ലാ സ്കൂളുകളിലും സംസ്ഥാന ഭൂജലവകുപ്പിന്‍റെ സഹായത്തോടെ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്. ഇത്കൂടാതെ നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും തിരഞ്ഞെടുത്ത സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധന ലാബ് സജ്ജമാക്കി എല്ലാ സ്കൂളുകളിലും ജല ഗുണനിലവാര പരിശോധന പൂര്‍ത്തീകരിക്കുന്നതാണ്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ സഹായത്തോടെ എല്ലാ വിദ്യാലയങ്ങളിലും ചട്ടിയില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നതാണ്. കൂടാതെ സ്ഥലം ലഭ്യമായ സ്കൂളുകളില്‍ കൃഷി വകുപ്പിന്‍റെ സഹായത്തോടെ പച്ചക്കറിത്തോട്ടങ്ങളും സജ്ജമാക്കുന്നതാണ്.

ഹരിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്കൂളില്‍ ജനപ്രതിനിധികള്‍, അദ്ധ്യാപകര്‍, പി.റ്റി.എ, എസ്.എം.സി, മദര്‍ പി.റ്റി.എ, വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ ഒരു യോഗം സ്കൂളുകളില്‍ ചേര്‍ന്നു. പ്രസ്തുത യോഗത്തിന്റെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബര്‍ 26 ന് എല്ലാ വിദ്യാലയങ്ങളും പരിസരവും ജനപങ്കാളിത്തത്തോടെ ശുചീകരിക്കുകയും അന്നേ ദിവസം സ്കൂള്‍ കോമ്പൗണ്ടില്‍ കാണപ്പെടുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയും കഴിയാവുന്ന സ്ഥലങ്ങളില്‍ കുട്ടികളുടെ സഹായത്തോടെ പൂന്തോട്ടങ്ങള്‍ / പച്ചക്കറി കൃഷി ക്രമീകരിക്കുകയും ചെയ്തു. പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പി.റ്റി.എ, എസ്.എം.സി, മദര്‍ പി.റ്റി.എ, വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ പങ്കാളികളായി.