കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

index(1)

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ അടുത്ത ഘട്ടമായി മണ്ഡലത്തിലെ 68 സ്കൂളുകളും 2018 നവംബർ 1 നു ഹരിത വിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഹരിത കേരളം മിഷൻ വിഭാവന ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്ന ആശയതിലധിഷ്ടിതമായാണ് ലക്ഷ്യം കൈവരിക്കുന്നത്. ഹരിത വിദ്യാലയത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പാണ് ശുചിത്വ വിദ്യാലയങ്ങൾ. ശുചിത്വ മിഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രാരംഭഘട്ടമെന്ന നിലക്ക് എല്ലാ സ്കൂളുകളിലും വിവിധങ്ങളായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിനായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകും. സ്കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സ്കൂള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പെൻ കളക്ഷൻ ബോക്സ്‌ പ്ലാസ്റ്റിക് കളക്ഷൻ ബോക്സ്‌, പേപ്പർ കളക്ഷൻ ബോക്സ്‌ എന്നിവ സ്ഥാപിക്കുക, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുവാൻ അനുയോജ്യമായ ഉറവിടമാലിന്യ സംവിധാനം ഒരുക്കുക, ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും നടപ്പിലാക്കുക എന്നിവ ശുചിത്വ മിഷനിന്‍റെ സാങ്കേതിക സഹായത്തോടെ ആഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കുന്നതാണ്. ജൂലായ് 31 നു മുൻപായി എല്ലാ കുട്ടികൾക്കും ശുചിത്വ മിഷന്‍റെ സഹായത്തോടെ ബോധവൽക്കരണം നടത്തുന്നതാണ്. തുടർന്ന് ശുചിത്വ മിഷന്‍റെയും പഞ്ചായത്തുകളുടെയും സഹായത്തോടെ എല്ലാ വിദ്യാലയങ്ങളിലും മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കുന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ രൂപീകരിച്ച ജലക്ലബ്ബുകൾ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാവശ്യമായ സഹായം നൽകും. ഇതിനായി കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലെ ജലക്ലബ്‌ അദ്ധ്യാപക കോർഡിനേറ്റർമാരുടെ യോഗം കാട്ടാക്കട ബ്ലോക്ക്‌ റിസോഴ്സ് സെന്‍ററിൽ നടന്നു. യോഗം ശ്രീ. ഐ.ബി.സതീഷ് എം.എൽ.എ ഉൽഘാടനം ചെയ്തു. ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദീൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഹരികൃഷ്ണൻ.കെ.ജി വിഷയാവതരണം നടത്തി. വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ് പഞ്ചായത്തുകളുടെ യോഗം ഇന്നലെ (ജൂലൈ 23 ന്) മലയിൻകീഴ് ജി.എച്ച്.എസില്‍ നടന്നു. പള്ളിച്ചൽ പഞ്ചായത്തിലെ യോഗം ജൂലൈ 26 ന് പൂങ്കോട് സ്കൂളിലും നടക്കുന്നതാണ്. കൃത്യമായ വിവരശേഖരണം നടത്തി ഓരോ വിദ്യാലയത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു വിശദമായ പദ്ധതി രേഖ തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് ഐ. ബി. സതീഷ് എം. എൽ. എ അറിയിച്ചു.