കാട്ടാക്കട മണ്ഡലത്തിലെ കുടിവെള്ള വിതരണവും ലഭ്യതയെയും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച യോഗം

IMG-20171130-WA0020

Image 1 of 3

കാട്ടാക്കട മണ്ഡലത്തിലെ കുടിവെള്ള വിതരണവും ലഭ്യതയെയും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച യോഗം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഓഫീസിൽ ചേർന്നു.

കാട്ടക്കട എം.എൽ.എ ഐ.ബി. സതീഷിന്റെ അഭ്യത്ഥനയെത്തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിൽ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ജി. ശ്രീകുമാർ, ഇറിഗേഷൻ വകുപ്പ് ചീഫ് എജിനീയർ ജോഷി എന്നിവർ നേതൃത്വം നൽകി. കാട്ടാക്കട മണ്ഡലത്തിലെ ചൂഴാറ്റു കോട്ട ശുചീകരണ പ്ലാന്റിലെ ജലവിതരണം മുടങ്ങിയതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ചീഫ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ജല വിതരണം നടത്തുന്നതിന് ഉപയോഗിയ്ക്കുന്ന 75 HB യുടെ രണ്ട് പമ്പുകളും ഒരാഴ്ചയ്ക്കകം പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ ഭൂതല-ഉപരിതല ജല സംഭരണിയും പുതിയ വിതരണ ശ്രംഖലയുടെ ടെൻഡർ നടപടി ക്രമങ്ങളും ഡിസംബർ മാസത്തോടെ പൂർത്തിയാക്കും.

വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ശുചീകരിച്ച കുടി വെള്ളമെത്തിയ്ക്കുന്ന പദ്ധതി ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിയ്ക്കും. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വാട്ടർ അതോറിറ്റിയ്ക്ക് കൈമാറിയ പത്ത് സെന്റ് പ്രദേശത്ത് വാട്ടർ ടാങ്ക് സ്ഥാപിച്ച് കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയ്ക്കുന്ന പദ്ധതി ഉടൻ ആരംഭിയ്ക്കും. തിരുവനന്തപുരം നഗരത്തിന് 200 MLD യും കാട്ടാക്കട നിയോജക മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, ഗ്രാമ പഞ്ചായത്തുകളിലെ 5 MLD യും വെള്ളമെത്തിയ്ക്കുന്ന പദ്ധതി ഉടൻ ആരംഭിയ്ക്കും. പ്രാരംഭമെന്ന നിലയിൽ ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള നെയ്യാർ ഡാമിലെ 5 ഏക്കർ സ്ഥലം ഉടൻ തന്നെ വാട്ടർ അതോറിറ്റിയ്ക്ക് കൈമാറും.

റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട് PWD യുടെയും വാട്ടർ അതോറിറ്റിയുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തി. മൊട്ടമൂട് കുടിവെള്ള പദ്ധതി തടസപ്പെടുന്നതിനിടയാക്കിയ സിവിൽ കേസ് കൂടുതൽ വേഗത്തിലാക്കാൻ അടിയന്തിര നടപടി സ്വീകരിയ്ക്കും. കുന്നും പുറം ജലസംഭരണിയിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് 7.5 HP യുടെ രണ്ട് പമ്പുകളും പ്രവർത്തനക്ഷമമാക്കുമെന്ന തീരുമാനവും യോഗം കൈക്കൊണ്ടു. യോഗത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ലീന കുമാരി. ഡി, പ്രോജക്ട് ഡിവിഷണൽ എഞ്ചിനീയർ അജയകുമാർ, മെയിന്റനൻസ് എക്സിക്യുട്ടീവ് എഞ്ചിനീയർ അജിത, ഇറിഗേഷൻ സൂപ്രണ്ടിംഗ്‌ എഞ്ചിനീയർ തിലകൻ, ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ അജയകുമാർ എന്നിവർ പങ്കെടുത്തു. കാട്ടാക്കട നിയോജക മണ്ഡലത്തെ ജലസമൃദ്ധമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകണമെന്ന് ഐ.ബി. സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.