കാട്ടാക്കട ജലസമൃദ്ധി ലോകത്തിലെ തന്നെ സംയോജിത നീർത്തട പരിപാലന രംഗത്തെ മികച്ച മാതൃകയെന്ന് ജനീവയില്‍ നടന്ന 4-ാമത് ലോക പുനര്‍നിര്‍മ്മാണ കോൺഫറൻസ്.

a

Image 1 of 4

ലോക ബാങ്കും ഐക്യ രാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സംയുക്തമായി 2019 മെയ് 14 ന് ജനീവയില്‍ സംഘടിപ്പിച്ച 4-ാമത് ലോക പുനര്‍നിര്‍മ്മാണ കോൺഫറൻസിലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതിക സെഷനില്‍ ഡച്ച് ദുരന്ത ലഘൂകരണ സംഘത്തിലെ വിദഗ്ദ്ധൻ പോൾ വാന്‍ മീല്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് സംയോജിത നീര്‍ത്തട പരിപാലനത്തിന്‍റെ ഉത്തമ മാതകയായി കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയത്. പ്രളയാനന്തര പുനർനിർമാണത്തിനായി യുഎൻഡിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പിഡിഎൻഎ റിപ്പോർട്ടിലെ സംയോജിത ജലവിഭവ മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കിയ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. പോൾ വാന്‍ മീലിന്റെ നേതൃത്വത്തിലുള്ള സംഘം 2019 മാർച്ച് 18 നു കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയിലെ വിവിധ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കിയിരുന്നു. പദ്ധതി നടത്തിപ്പില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയിണക്കിയുള്ള ജനകീയ പ്രവര്‍ത്തനത്തെ പ്രബന്ധാവതരണത്തിൽ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. ജലസമൃദ്ധി മാതൃക കേരളത്തിലെ മറ്റ് നീര്‍ത്തടങ്ങളിലും നദീതടങ്ങളിലും അനുവര്‍ത്തിക്കുകയാണെങ്കില്‍ സംയോജിത നദീതട പരിപാലനത്തിന്‍റെ 80 ശതമാനം ലക്ഷ്യങ്ങളും കൈവരിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാട്ടാക്കട ജലസമൃദ്ധി പദ്ധതിയില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ വെള്ളപ്പൊക്കവും വരള്‍ച്ചയും മൂലമുണ്ടാകുന്ന മാറ്റങ്ങളെ നേരിടുന്നതിന് സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ രാഷ്ട്രീയ പിന്‍തുണയും ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തോടൊപ്പം പരിമിതമെങ്കിലും ആവശ്യമായ ഫണ്ട് കൂടി ലഭ്യമാക്കി പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലോക പുനർനിർമ്മാണ സമ്മേളനത്തിൽ പ്രളയാനന്തര കേരള പുനർനിർമ്മാണത്തെ സംബന്ധിച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പ്രത്യേക സെഷനിലാണ് കേരളത്തില്‍ നിന്നെത്തിയ പ്രതിനിധി സംഘം ഉൾപ്പെടുന്ന സദസ്സിനു മുന്നിൽ താന്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയ കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെക്കുറിച്ച് പോള്‍ വാന്‍ മീല്‍ സംസാരിച്ചത്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ തുറകളിലുള്ള ജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ ജലവിഭവപരിപാലന രേഖ, വിവിധ വകുപ്പുകളുടെ ഏകോപനം, കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയിണക്കിയുള്ള പ്രവർത്തനം, പ്രദേശത്തിന് അനുയോജ്യമായ പരിഹാരനിർദ്ദേശങ്ങൾ എന്നിവയാണ് പദ്ധതിയുടെ മേന്മയായി അദ്ദേഹം പറഞ്ഞിരിക്കുന്നത്.