കാട്ടാക്കടയിലെ സ്കൂളുകള്‍ ഇനി ഹരിതവിദ്യാലയങ്ങൾ

DSC_0002

Picture 1 of 57

മുഴുവൻ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കേരളപ്പിറവി ദിനത്തിൽ കൃഷിവകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡലത്തിനു കീഴിലെ സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിന്റെ കാർഷിക സംസ്‌കാരം തിരികെ പിടിക്കാൻ ഏവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ഇതിനായി മുൻകൈയെടുക്കണം. കൃഷിയെന്നത് പുതു തലമുറയ്ക്ക് ആവേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി. സതീഷ് എം.ൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങളെ ഹരിതാഭയണിയിച്ചത്. മണ്ഡലത്തിനു കീഴിലെ സ്‌കൂളൂകൾ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യമില്ലാത്ത, ജൈവപച്ചക്കറി സാധ്യമാകുന്ന, വൃത്തി കാത്തുസൂക്ഷിക്കുന്നവയായി മാറ്റാൻ ഒപ്പം നിന്ന വിദ്യാർത്ഥികളെയും അധ്യാപകൻമാരെയും ഉദ്യോഗസ്ഥരെയും ഐ.ബി. സതീഷ് എം.എൽ.എ അഭിനന്ദിച്ചു.

ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് ഹരിതവിദ്യാലയങ്ങളെന്ന ലക്ഷ്യം കൈവരിക്കുന്നത്. ഹരിതകേരളം മിഷൻ, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹോർട്ടികൾച്ചർ മിഷൻ, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഹരിതവിദ്യാലയങ്ങളെ വാർത്തെടുക്കുന്നത്.

പേയാട് സെൻറ് സേവിയേഴ്സ് സ്‌കൂളിൽ നടന്ന ഹരിതവിദ്യാലയ പ്രഖ്യാപന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, മണ്ഡലത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, എനർജി മാനേജ്മെൻറ് ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ, കവിയും വിക്ടേഴ്സ് ചാനൽ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.