ഓടയിലെ ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക്; മറ്റൊരു ജലസമൃദ്ധി മാതൃക…

odajalam1

Image 1 of 4

കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയായി കരിങ്ങല്‍ വാര്‍ഡ്‌. മഴകാലത്ത് റോഡിലെ ഓടയിലൂടെ ഒഴുകി പാഴാകുന്ന ജലം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക് ഇറക്കി ജലസമൃദ്ധമാക്കുന്ന പുതിയ മാതൃകയ്ക്കാണ് കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ തുടക്കമായത്. ഓരോ വീടിന്‍റെ പരിസരത്തും തരിശു ഭൂമിയിലും മഴക്കുഴികള്‍ നിര്‍മ്മിച്ചു ജലം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നത്. എന്നാല്‍ റോഡിലെ ഓടയില്‍ കുഴിയെടുത്തു ജലം കെട്ടിനിര്‍ത്തുന്നതാണ് പുതിയ രീതി. കരിങ്ങല്‍ വാര്‍ഡിലെ പൂവന്‍വിളയില്‍ റോഡിലെ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്ത് റോഡിന്‍റെ ഓരത്ത് മൂന്ന് മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും ആഴവുമുള്ള കുഴിയെടുത്ത് വശങ്ങള്‍ ബലപ്പെടുത്തി ജലം സംഭരിക്കുകയാണ്. ഓടയിലൂടെ ഒഴുകി പാഴാകേണ്ട ആറായിരം ലിറ്റര്‍ ജലം ഇങ്ങനെ ഇവിടെ സംഭരിക്കാം. മരാമത്ത് വകുപ്പ് കൂടി ഈ ആശയത്തോട് യോജിച്ചപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമായി. ജലം സംഭരിക്കുന്ന കുഴികള്‍ സ്ലാബിട്ട് മൂടും. ഇതുകൊണ്ട് തന്നെ അപകടങ്ങള്‍ക്ക് സാധ്യതയില്ല. പുതിയ മാതൃക അനുയോജ്യമായ സ്ഥലത്തൊക്കെ വ്യാപിപ്പിക്കാനാനാണ് തീരുമാനം. പരമാവതി മഴവെള്ളം ഭൂമിയല്‍ താഴ്ത്തുകയെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ മാര്‍ഗ്ഗമുള്ളു. ഇത്തരം ചെലവ് കുറഞ്ഞതും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയാല്‍ മണ്ഡലത്തിലെ ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക… അതുവഴി കിണറുകളിലെയും ജലസ്രോതസ്സുകളിലെയും ജല ലഭ്യത ഉറപ്പാക്കാനാകും.