കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ നാട്ടിൻ പുറമാണ് ആമച്ചലിനടുത്ത് നാഞ്ചല്ലൂർ. മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയുടെ നാട് കൂടിയാണ്. ഇവിടെയാണ് ലിഫ്റ്റ് ഇറിഗേഷൻ വഴി നെയ്യാറിൽ നിന്ന് വെള്ളമെത്തിച്ച് അമ്പത് ഏക്കറിൽ നെൽകൃഷി വീണ്ടെടുക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തികൾ നടന്നുവരുന്നു. ഇനി നെൽകർഷകരെ പാടത്തിറക്കുക എന്നതിന്റെ ആദ്യപടിയായി ഇന്ന് കർഷകരുടെ യോഗം ചേർന്നു. ഭൂവിനിയോഗ ബോർഡ് കമ്മീഷണർ ശ്രീ.നിസാമുദീൻ, ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനിയർ ശ്രീ.ഉദയകുമാർ, ജലസേചന വകുപ്പിലെയും മണ്ണു സംരക്ഷണ വകുപ്പിലേയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നാടിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കട യോഗത്തിന് നേതൃത്വം നൽകി. ആദ്യഘട്ടമെന്ന നിലയിൽ 20 ഏക്കറിൽ കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കർഷക സമിതിയും രൂപീകരിച്ചു.